Image

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് തുടര്‍ ചികിത്സയ്ക്ക് സൗകര്യമില്ല; സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ്

Published on 29 April, 2026
ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് തുടര്‍ ചികിത്സയ്ക്ക് സൗകര്യമില്ല; സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ്

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് തുടര്‍ ചികിത്സ നല്‍കാന്‍ സംവിധാനമില്ലാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവതിയുടെ പിത്തസഞ്ചിയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് കല്ല് നീക്കം ചെയ്തു. പിന്നീട് ആരോഗ്യനില വഷളായതോടെ എംആര്‍ഐ ടെസ്റ്റ് നടത്തിയപ്പോള്‍ പിത്തരസം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടു. ഇത് ചികിത്സയിക്കുന്നതിനുള്ള ഉപകരണം കേടാണെന്നും തുടര്‍ ചികിത്സയ്ക്ക് സൗകര്യമില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ട് ഡോ.രാജേഷ് കത്തും നല്‍കി.

ഈ മാസം 17നാണ് നസ്രിന (35) എന്ന യുവതി പിത്തസഞ്ചിയിലെ സര്‍ജറിക്ക് വിധേയയായത്. ഒരാഴ്ചയായി പിത്തരസം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ്. ഇന്നലെ ഡോക്ടര്‍ റൗണ്ട്‌സിന് വന്നപ്പോഴാണ് തുടര്‍ ചികിത്സ സൗകര്യമില്ലെന്ന് ഡോക്ടര്‍ അറിയിച്ചത്.

സംഭവത്തില്‍ രോഗിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഒരു ലക്ഷം രുപ വരെ ചികിത്സയ്ക്ക്  ചെലവ് വരാം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്ന ചെലവിന് ആവശ്യമായ സഹായത്തിന് മെഡിക്കല്‍ കോളജിലെ ഫണ്ടിന് ശ്രമിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക