Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തെന്ന് ആരോപണം: വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

Published on 29 April, 2026
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തെന്ന് ആരോപണം: വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്തെന്നാരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ അണിനിരത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

​വിജയ്‌യോടുള്ള അമിതാരാധന മൂലം കുട്ടികൾ കരയുന്നതും ഭക്ഷണം ഉപേക്ഷിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തരം വൈകാരിക പ്രകടനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്ന് സംഘടന ആരോപിക്കുന്നു. ഇതിൽ ഉൾപ്പെട്ട കുട്ടികൾക്ക് അടിയന്തരമായി വിദഗ്ധ കൗൺസലിങ് നൽകണമെന്നും, സംഭവത്തിൽ വിജയ് പരസ്യമായി മാപ്പു പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

​രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കുട്ടികളെ അണിനിരത്തുന്ന പ്രവണത അത്യന്തം ഗൗരവകരമാണെന്നും ഇതിനെതിരെ ബാലാവകാശ കമ്മിഷൻ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ചൈൽഡ് റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. വിഷയത്തിൽ വിജയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന പരാതിയിൽ ഓർമ്മിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക