
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ ജനഹിതം അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ആകാംക്ഷയുടെ മുൾമുനയിൽ. വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കാനിരിക്കെ, തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. പശ്ചിമബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെയാണ് ദേശീയതലത്തിലുള്ള പ്രധാന മാധ്യമങ്ങളെല്ലാം തങ്ങളുടെ സർവെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എൻ.ഡി.ടി.വി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ലിക് ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് തന്നെ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
മാട്രിസ്, സി-വോട്ടർ, ജൻകി ബാത്ത്, പോൾസ്ട്രോറ്റ് തുടങ്ങിയ പ്രമുഖ ഏജൻസികളാണ് ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങൾ ഒരുക്കുന്നത്. മനോരമ ന്യൂസ്– സി വോട്ടർ തയ്യാറാക്കിയ 'മെഗാ എക്സിറ്റ് പോൾ' ഇന്ന് രാത്രി ഏഴ് മണിക്ക് സംപ്രേഷണം ചെയ്യും. ഏപ്രിൽ 9 മുതൽ 24 വരെ വിവിധ മണ്ഡലങ്ങളിൽ വോട്ട് ചെയ്ത 28,848 പേരിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സർവെ നിഗമനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലെ ഫലസൂചനകളും വരും മണിക്കൂറുകളിൽ ലഭ്യമാകും.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ ഒമ്പതിന് കേരളം, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയായിരുന്നു. തമിഴ്നാട്ടിൽ 23-നും, ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലുമായാണ് തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഏറെ ആകാംക്ഷയോടെയാണ് ഇന്ന് പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ ഉറ്റുനോക്കുന്നത്.