
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച പുതിയ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. നിർദേശങ്ങൾ ട്രംപിനു സ്വീകാര്യമല്ല എന്നാണ് സൂചന.
ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ മാറ്റി വച്ച് ഹോർമുസ് തുറക്കുന്നതിനെ കുറിച്ചു മാത്രം തത്കാലം ചർച്ച ചെയ്യാം എന്നതാണ് ഇറാന്റെ നിർദേശം. ആദ്യപടിയായി യുഎസും ഇസ്രയേലും ആക്രമണങ്ങൾ നിർത്തി വയ്ക്കുകയും വീണ്ടും ആക്രമിക്കില്ലെന്നു ഉറപ്പു നൽകുകയും ചെയ്യണം. തുടർന്നു ഹോർമുസ് തുറക്കാൻ ഇരുഭാഗവും നടപടി എടുക്കണം. ഇതു രണ്ടും കഴിഞ്ഞാണ് ആണവ പദ്ധതി ചർച്ച ചെയ്യുക. യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം യുഎസ് അംഗീകരിക്കയും വേണം.
നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്ന ട്രംപിന് ഈ നിർദേശങ്ങൾ ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു സഹായികൾ പറയുന്നു. അണ്വായുധം നിർമിക്കില്ലെന്നു ഇറാൻ ഉറപ്പു നൽകിയാൽ മാത്രമേ ട്രംപ് വിജയം നേടൂ.
ഇറാൻ സമയം കിട്ടാൻ വേണ്ടി കളിക്കയാണെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആരോപിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി രണ്ടു തവണയെങ്കിലും ഇസ്ലാമാബാദിൽ പോയെന്നും മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കണ്ടുവെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച്ച വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ സഹായികളുമായി ചർച്ച നടത്തിയ ട്രംപ് പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുന്നത് 3 മുതൽ 5% വരെ മാത്രമാണെന്നു ടെഹ്‌റാൻ വ്യക്തമാക്കുന്നു. ആയുധം ഉണ്ടാക്കാൻ 90% വേണം.
യുഎൻ ആണവ സംഘടന പറയുന്നത് ഇറാന് 60% വരെ സമ്പുഷ്ടമാക്കിയ യുറേനിയം ഉണ്ടെന്നാണ്. 440 കിലോ അവരുടെ കൈയ്യിലുണ്ട്.
Trump unhappy with Iran's new peace proposal