Image

കലീമ ചൊല്ലാന്‍ ആവശ്യപ്പെട്ടു, സുരക്ഷാ ഗവാര്‍ഡുകളെ കുത്തിവീഴ്ത്തിയ യുവാവ് മുംബൈയില്‍ പിടിയില്‍

Published on 28 April, 2026
കലീമ ചൊല്ലാന്‍ ആവശ്യപ്പെട്ടു, സുരക്ഷാ ഗവാര്‍ഡുകളെ കുത്തിവീഴ്ത്തിയ യുവാവ് മുംബൈയില്‍ പിടിയില്‍

 

മുംബൈ: മുംബൈയിലെ നയ നഗറില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കുത്തിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍.  മതം ചോദിച്ച യുവാവ് തങ്ങളോട് കലീമ ചൊല്ലാന്‍ ആവശ്യപ്പെട്ടുവെന്നും ആക്രമണത്തിന് ഇരയായവര്‍ പറയുന്നു. സംഭവത്തില്‍ സയിബ് സുബര്‍ അന്‍സാരി (31) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

രാജ്കുമാര്‍ മിശ്ര, സുബ്രോതോ സെന്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇരുവരും. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ രാജ്കുമാറിന്റെ അടുത്തെത്തിയ അന്‍സാരി പ്രകോപനമുണ്ടാക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. രാജ്കുമാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സുബ്രോതോയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പോലീസ് ഒന്നരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.

അന്‍സാരിക്കെതിരെ നയ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമം, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇയാള്‍ മേയ് 4 വരെ റിമാന്‍ഡിലാണ്.

ആക്രമണത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു. അതില്‍ ഐഎസ്‌ഐഎസ്, ലോണ്‍ വോള്‍ഫ്, ജിഹാദ്, ഗാസ തുടങ്ങിയ വാക്കുകള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും ഭീതിപരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

പ്രതി ഏതാനും വര്‍ഷങ്ങളായി കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയില്‍ ആയിരുന്നു താമസം. അവിടെ ഒരു ജോലി ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങി വന്നത്. ഇയാളുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും അമേരിക്കയില്‍ തന്നെയാണ്.

മീര റോഡിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കെമസ്ട്രിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്താണ് വരുമാന മാര്‍ഗം കണ്ടെത്തിയിരുന്നത്.   
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക