
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ രണ്ടാം ഘട്ടവും അവസാനവുമായ വോട്ടെടുപ്പ് നാളെ നടക്കും. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിലേക്കാണ് ജനങ്ങൾ നാളെ വിധിയെഴുതുക. 3,21,73,837 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സജ്ജരായിക്കഴിഞ്ഞു. ഇതിൽ 1.57 കോടിയിലേറെ പേർ സ്ത്രീകളും 792 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപുർ മണ്ഡലം തന്നെയാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച സ്വാധീനമേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും, വോട്ടർ പട്ടികയിലെ മാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 93 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയത് വലിയ ആവേശമാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും വിജയിക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. രണ്ടാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖ നേതാക്കൾ സംസ്ഥാനത്തെത്തി സജീവമായിരുന്നു. മെയ് നാലിനാണ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരുന്നത്.