Image

ഏദനിലെ താമസക്കാർ (നോവല്‍-13: ലൈല അലക്‌സ്)

Published on 27 April, 2026
ഏദനിലെ താമസക്കാർ (നോവല്‍-13: ലൈല അലക്‌സ്)

സാറാക്കുട്ടിയും കുട്ടികളും ഉറക്കെ എന്തൊക്കെയോ  പറഞ്ഞ്  ചിരിച്ചുകൊണ്ട്  പടിക്കെട്ടുകൾ കയറിപ്പോകുന്നത് അച്ചൻ കൗതുകത്തോടെ നോക്കിയിരുന്നു. 
'അമ്മാമ്മയ്ക്കു  കുഞ്ഞുങ്ങളുമായി നല്ല ഇണക്കമാണല്ലോ ...'  അച്ചൻ പറഞ്ഞു.
'ങാ ... മമ്മയുടെ അടുത്താണ് അവരുടെ എല്ലാ ഇഷ്ടങ്ങളും നടക്കുന്നത് ... അവർ എന്ത് പറഞ്ഞാലും മമ്മ ഒപ്പം തുള്ളിക്കോളും ....'.
അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ അച്ചൻ രാജീവൻറെ  നേരെ തിരിഞ്ഞു. സത്യത്തിൽ അങ്ങനെ രാജീവനോട് തന്നെയായി അൽപ നേരം സംസാരിക്കാൻ അവസരം കിട്ടിയത് നന്നായി എന്ന് അച്ചന് തോന്നി. അമ്മാമ്മ പറഞ്ഞതുവെച്ചു നോക്കിയാൽ, ശരിയാണ്, ഇവിടെ എന്തോ ചില ദോഷങ്ങൾ ഉള്ളതുപോലെ... ഒന്നിന് പിറകെ ഒന്നായി ഹിതകരമല്ലാത്ത എന്തൊക്കെയോ വന്നുകൂടുന്നു. കാരണം എന്താണെന്നു  അറിയുന്നുമില്ല. ഇതിനൊക്കെ പുറമെയാണ്  പലപ്പോഴായി പ്രാർത്ഥനസമയത്തു  തനിക്കു ലഭിച്ച അശുഭ സൂചനകൾ.  അവയെക്കുറിച്ച് രാജീവന് ഒരു  മുന്നറിയിപ്പ് കൊടുക്കയും ആവാം.  രാജീവാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?'
അച്ചൻ സംഭാഷണത്തിന് തുടക്കമിട്ടു.
'അമ്മാമ്മയും ഞാനും ജോർജിനെയും കുടുംബത്തെയും കണ്ടിട്ടാ വന്നത് . ഒരുപാട് കാലം കൂടിയ ഞാൻ അവരെ  കാണുന്നത്. '
രാജീവൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അവിടെവെച്ചുണ്ടായ സംഭവം അച്ചനോട് മമ്മ പറഞ്ഞോ എന്നയാൾ സംശയിച്ചു.
അയാളുടെ മുഖത്തെ സംശയഭാവം മനസ്സിലാക്കിക്കൊണ്ട് അച്ചൻ പറഞ്ഞു :
ഒന്ന് നിർത്തി അച്ചൻ തുടർന്നു: ‘കഴിഞ്ഞ ഒരു ദിവസം അവരുടെ വീട്ടിൽ വെച്ച് എന്തോ ഇഷ്യു ഉണ്ടായെന്നു അമ്മാമ്മ പറഞ്ഞായിരുന്നു. അതിൻറെ  പേരിൽ ഒരു വിരോധം അവരോടു വെച്ചുകൊണ്ടിരിക്കരുത്. അവർക്കു ഒരു ആപത്തുണ്ടായാൽ നീ വേണം സഹായിക്കാൻ.’.
'ഏയ്... അങ്ങനെ വിരോധം ഒന്നും ഇല്ല. അവരെ ഇന്നും ഇന്നലെയും അല്ലല്ലോ ഞാൻ കാണാൻ തുടങ്ങിയിട്ട്'.
'അവർ എന്നും നിങ്ങളുടെ നല്ല അയൽക്കാർ ആയിരുന്നു  മറക്കരുത്. എന്ന് കരുതി കണ്ണടച്ച് വിശ്വസിക്കയും അരുത്’
'എനിക്കറിയാം. ഇവിടെ താമസിക്കാൻ വന്ന കാലത്തു പപ്പയേയും മമ്മയേയും ഒരുപാടു സഹായിച്ചിട്ടുണ്ട്.. .. ദിവസം നാല് പ്രാവശ്യമെങ്കിലും മമ്മ അതൊക്കെ പറയും.'
'രാജു നിൻറെ ഓഫിസിൽ അല്ലെ ഇപ്പോഴും?'
'അതെ.'
'നിങ്ങൾ തമ്മിൽ എങ്ങനെയാ?'
'അതെന്നാ അച്ചൻ അങ്ങനെ ചോദിച്ചത്? രാജുവിനാണ് ഓഫീസിൻറെ   മുഴുവൻ ചാർജുo.' 
‘ങും...’ 
'വനജയും ആയിട്ട് ആ കുടുംബം എങ്ങനെയാ?'
'നല്ല ബന്ധങ്ങൾ ആണെന്നാണ് എൻറെ അറിവ്. മമ്മ പറഞ്ഞില്ലേ കഴിഞ്ഞ ദിവസത്തെ സംഭവം. എനിക്കറിയില്ല... എന്താണ് ഉണ്ടായതെന്ന്...'
രണ്ടുപേരും കുറച്ചു നേരം മൗനമായിരുന്നു, ഇനി എന്താണ് പറയേണ്ടത് എന്ന് അറിയാതെ. 
ഇതാവുമോ  സഹോദരിയുടെ .കുടുംബത്തിന്  എന്തോ അനർഥം എന്ന്  തനിക്ക് തോന്നിയത്? കുറേയേറെക്കാലമായിരുന്നു അമ്മാമ്മയെ കണ്ടിട്ട്.   അതിൻറെ  കുറ്റബോധം ആവാം തന്റെ മനസിലെ അശുഭചിന്തകൾക്കു കാരണം. ഇനി അതിനെക്കുറിച്ചു പറഞ്ഞ് രാജീവനെ  വിഷമിപ്പിക്കേണ്ടാ, അച്ചൻ ഓർത്തു. 
അച്ചൻ രാജീവനോട് പറഞ്ഞു:
'രാജീവാ... വനജയോട് നീ ഇപ്പോൾ ഒന്നും ചോദിക്കേണ്ട. അവൾ പോലീസിൽ അറിയിക്കേണ്ട എന്ന് പറയുന്നെങ്കിൽ, പരാതി കൊടുക്കാൻ  വരട്ടെ. നിനക്ക് പരിചയക്കാർ ആരുമില്ലേ പോലീസിൽ? അവരോടു  ആരോടെങ്കിലും ഇൻഫോർമൽ ആയി പറയൂ തത്ക്കാലം...' 
'ങും... ഞാനും അത് തന്നെയാ ഓർക്കുന്നത്. എസ്. പി. ബാലചന്ദ്രൻ വളരെ അടുപ്പമുള്ള ആളാണ്. അച്ചൻ അറിയും:പപ്പയുടെ കൂട്ടുകാരൻ വേലായുധൻ  മാമൻറെ മകൾ കമലയുടെ ഹസ്ബൻഡ്....'
'ആഹാ... പിന്നെന്താ…. അയാളോട് പറഞ്ഞാൽ പോരേ? 
‘ബാലചന്ദ്രനോട് പറയാം. അതിനു മുൻപ്, സുമയോട് ഒന്ന് സംസാരിക്കയും ആവാം...'
'ശരിയാ. അത് വേണം.' 
അച്ചൻ കുറച്ചു നേരം എന്തോ ആലോചനയിൽ മുഴുകി. പിന്നെ ചോദിച്ചു:
‘അതിരിക്കട്ടെ വേലായുധൻ എങ്ങനെയിരിക്കുന്നു?'
'മാമൻ മരിച്ചുപോയി. രണ്ടു വർഷമായി.'
'മകൾ എന്ത് ചെയ്യുന്നു?'
'സൈക്കിയാട്രിസ്റ്റ് ആണ്. ഭയങ്കര പ്രാക്ടീസാ….'
അവരുടെ സംഭാഷണം കേട്ടുകൊണ്ട് കയറിവന്ന സാറാക്കുട്ടി പറഞ്ഞു: 'മിടുക്കിയാ... അച്ചന് അറിയാമോ, ഇവർ രണ്ടുപേരും ഒരു ക്ലാസിലാ പഠിച്ചിരുന്നത്. ഇവൻ അമേരിക്കയിൽ പഠിക്കാൻ പോയെന്നുംപറഞ്ഞു വാശിപിടിച്ചു, പഠിച്ചു, സ്കോളർഷിപ് വാങ്ങി അവളും അമേരിക്കയിൽ പോയി. വേലായുധനും ഭാര്യയ്ക്കും പെങ്കൊച്ചിനെ അമേരിക്കയിൽ വിടാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു... പിന്നെ ഞങ്ങൾ എല്ലാവരും കൂടെ നിർബന്ധിച്ചിട്ടാ വേലായുധൻ സമ്മതിച്ചത്...’ 
ഒന്ന് നിർത്തി, സാറാക്കുട്ടി തുടർന്നു:
'ബീനയെ അവളെ ഒന്ന് കാണിക്കാൻ ഞാൻ പലപ്രാവശ്യം റീത്താമ്മയോടു പറഞ്ഞതാ. പക്ഷെ, അതിൻറെ ഒന്നും ആവശ്യം ഇല്ലെന്നാ എബി പറയുന്നത്... ങും നമുക്ക് പറയാനല്ലേ പറ്റൂ...’
അൽപനേരം എല്ലാവരും നിശ്ശബ്ദരായിരുന്നു.
'ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു മോനേ?' അച്ചൻ രാജീവനോട് ചോദിച്ചു. 
'ഓ... അങ്ങനെ പോകുന്നു. അവിടെയും ഉണ്ട് ആവശ്യത്തിന് തലവേദന...'
'ങും... ഇടപാടുകളിൽ ഒരു കരുതൽ വേണം..... പണം ഇടപാടുകളിൽ പ്രത്യേകിച്ചും. ബിസിനസിൽ അപ്പനെപ്പോലും വിശ്വസിക്കരുത് എന്നാ.’
'അതിനു പപ്പാ പോയല്ലോ. ഇനിയിപ്പോ മമ്മയെ എന്നാക്കാം അല്ലേ?...' രാജീവൻ ചിരിച്ചു കൊണ്ട് മമ്മയുടെ തോളിലൂടെ കൈയ്യിട്ടു..  
സാറാക്കുട്ടി ഒന്ന് ഞെട്ടിയെന്നു അച്ചന് തോന്നി.   
ഒരു നിമിഷത്തേക്ക് അസുഖകരമായ നിശബ്ദത അവരുടെ ഇടയിൽ വീണു. 
ആ നിശബ്ദത മുറിക്കാനായി രാജീവൻ ചോദിച്ചു:
'അച്ചൻ വന്ന കാര്യം… ആ ടീച്ചറിൻറെ ട്രാൻസ്‌ഫർ ശരിയായോ? ഞാൻ എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടോ?'
‘എല്ലാം ശരിയായി. ഞാൻ നാളെ വെളുപ്പിനെ തിരിച്ചു പോകും.’
‘ഞാൻ നിനക്കുവേണ്ടിയും ഈ കുടുംബത്തിനുവേണ്ടിയും എന്നും പ്രാർത്ഥിക്കുന്നുണ്ട്. ദൈവം ഒരു ദോഷവും വരുത്താതെ കാക്കട്ടെ.' 
'നമുക്ക് ഇറങ്ങിയാലോ അമ്മാമ്മേ?' അച്ചൻ ചോദിച്ചു.
'ഭക്ഷണം കഴിച്ചിട്ട് പോകാം’. രാജീവൻ പറഞ്ഞു. എന്നിട്ടു, മുകളിലെ മുറിയിൽ കേൾക്കത്തക്ക പോലെ വിളിച്ചു: ‘വനജേ....'  
'വേണ്ട അവളെ വിളിക്കേണ്ടാ. അച്ചന് അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും പാക്ക് ചെയ്തു കാറിൽ വെച്ചിട്ടുണ്ട്. ഞാൻ രാവിലെ തന്നെ വനജയെ വിളിച്ചു പറഞ്ഞിരുന്നതാണ്...'  
'മോനേ... ഇന്നത്തെ സംഭവത്തെക്കുറിച്ചു ഇനിയൊന്നും അവളോട് ചോദിക്കരുത്. അവൾ ഒന്ന് സമാധാനപ്പെടട്ടെ...' കാറിൽ കയറും മുൻപ്, സാറാക്കുട്ടി രാജീവൻറെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
ആ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി രാജീവൻ അവിടെ നിന്നു.
പോക്കറ്റിൽ നിന്നും ഫോൺ എടുത്തു, രാജുവിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങുമ്പോഴാണ് സുമയെ വിളിച്ചു വിവരങ്ങൾ ചോദിക്കുന്നത് വനജ അറിയേണ്ട എന്നൊരു തോന്നൽ അയാൾക്കുണ്ടായത്. ഏതായാലും ഇനി എല്ലാം നാളെയാവട്ടെ.. അയാൾ വീട്ടിനുള്ളിലേക്ക് പോയി.
'സർ, ആഹാരം വിളമ്പട്ടെ?' സുഭദ്ര ചോദിച്ചു.
' കുഞ്ഞുങ്ങൾ കഴിച്ചോ? '
'അവർ കഴിച്ചു... ഉറങ്ങാനും കിടന്നു. കൊച്ചമ്മയ്ക്കു വേണ്ടെന്നു പറഞ്ഞു. സാറിന് ആഹാരം എടുത്തുവെക്കാൻ കൊച്ചമ്മയാ പറഞ്ഞത്...' 
'ങും ' 
രാജീവൻ ഡൈനിങ്ങ് റൂമിലേക്ക് ചെന്ന്, ഭക്ഷണം കഴിക്കാൻ തുടങ്ങി. അയാൾ കഴിച്ചുകഴിയും വരെ സുഭദ്ര കാത്തു നിന്നു.
'വനജ എന്തെങ്കിലും കഴിച്ചായിരുന്നോ?' അയാൾ തിരക്കി.
'ഇല്ല സാറേ.... രാവിലെ ബ്രേക് ഫാസ്റ്റ് കഴിച്ചതാ... പിന്നെ ഇത്രയും നേരത്തിനിടക്ക് രണ്ടു കപ്പ് കാപ്പി കുടിച്ചിട്ടുണ്ട്'
'കുറച്ചു ഓട്സ് ഉണ്ടാക്കി മുകളിലേക്ക് കൊണ്ട് വരൂ.'  രാജീവൻ മുകളിലേക്ക് പോയി.
കുട്ടികളുടെ മുറിയിലേക്കാണ് അയാൾ ആദ്യം പോയത്. രണ്ടുപേരും അവരവരുടെ ടാബുകളിൽ കൊണ്ടുപിടിച്ചു കളിക്കുകയായിരുന്നു. 
'ങാഹാ... കളിച്ചുകൊണ്ടിരിക്കുകയാ....? ഉറങ്ങാറായില്ലേ...?' അയാൾ ചോദിച്ചു.
'ഡാഡി, മമ്മിയ്ക്ക് എന്ന പറ്റി? കള്ളൻ ഒന്നും ചെയ്തില്ലല്ലോ'  വിനീത അയാളോട് ചോദിച്ചു
'മോളോട് ഇത് ആരാ പറഞ്ഞത്?' രാജീവൻ ചോദിച്ചു.
'മമ്മി തന്നെ. മമ്മി കള്ളനെ കണ്ട് ഓടി... ക്ഷീണിച്ചു കിടക്കയാ എന്നുപറഞ്ഞു...'
'ഈ മമ്മി ഒരു സ്‌കേർഡി-കാറ്റ് ആണ്. മമ്മിയെ കരാട്ടെ പഠിപ്പിക്കണം. അപ്പോൾ പിന്നെ കള്ളനോട് ഫൈറ്റ് ചെയ്തു നിൽക്കാനൊക്കുമല്ലോ.'  വിനയ് നിർദേശിച്ചു. 
'ഗുഡ് ഐഡിയ... നാളെ തന്നെ  കരാട്ടെ തുടങ്ങാം'.  രാജീവൻ പറഞ്ഞു. 
‘ഇപ്പോൾ ആ ടാബ് മാറ്റിവെച്ചിട്ടു രണ്ടുപേരും ഉറങ്ങിക്കേ... രാവിലെ സ്കൂളിൽ പോകാനുള്ളതാ....'  
രാജീവൻ ആ ടാബുകൾ വാങ്ങി മാറ്റി വെച്ച്, ലൈറ്റ്  ഡിം ചെയ്തു. കുറച്ചു നേരം കൂടി അവിടെ നിന്ന് അവർ രണ്ടുപേരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയിട്ട്, വാതിൽ ചാരി പുറത്തേക്കു പോയി. 
സുഭദ്ര ഓട്സും കൊണ്ടുവന്നിരുന്നു അപ്പോഴേക്കും. 
'വനജേ... നീ ഇത് കഴിച്ചിട്ട് കിടക്ക്. നീ ഇന്ന് ഒന്നും കഴിച്ചിട്ടില്ല.'
അയാൾ വനജയെ തട്ടി വിളിച്ചു .
വനജ മനസില്ലാമനസോടെ എഴുന്നേറ്റു. അയാൾ നീട്ടിയ ഓട്സ് കഴിച്ചു. പാത്രം തിരികെ ട്രെയിൽ വെച്ചിട്ടു അവൾ വീണ്ടും കിടന്നു.
'ഉറങ്ങിക്കോളൂ. ഒന്നും ആലോചിക്കാതെ, നന്നായി ഒന്ന് ഉറങ്ങ്... യു വിൽ ഫീൽ ബെറ്റർ...’
ലൈറ്റ് ഓഫ് ചെയ്തിട്ട് അയാളും ഉറങ്ങാൻ കിടന്നു.


Read More:  https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക