
ഞാനും ഒൾഗയും ഇന്ന് പള്ളീ പോയി. ഞായറാഴ്ച്ചയാണല്ലോ. ഇപ്പ അങ്ങനെ ചില ശീലങ്ങളൊക്കെ ഉണ്ട്. ഞാനങ്ങ് നന്നായി പോയല്ലോ എന്ന് എൻ്റെ നാട്ടാരൊക്കെ ഇതറിഞ്ഞാ വിചാരിക്കുമാരിക്കും.
ഇന്ന് പള്ളില് കണ്ട ഒരു ഭക്തിക്കാരൻ്റെ ഫോട്ടം അ ടീല് കൊടുക്കുന്നുണ്ട്.
ഒൾഗക്ക് പട്ടി പൂച്ച പ്രാവ് എന്നിത്യാദി ജീവികളോടൊക്കെ കലിയാണറിയാലോ. മനുഷ്യനാണെന്ന ഒറ്റ പരിഗണനേലാ എന്നെ വെച്ച് പൊറുപ്പിക്കുന്നെ.
പള്ളീല് ഞങ്ങളിരുന്ന ബെഞ്ചിന് തൊട്ടുമുന്നിൽ ഒരു സ്വർണ്ണമുടിക്കാരി ചേച്ചി ഇരിപ്പുണ്ട്. അടുത്തൊരു ബാഗും . പെറ്റ് എന്നെഴുതിയ കറുത്ത ബാഗ് കണ്ടപ്പോ ഞാൻ പ്രാർത്ഥിച്ചു. (അതുവരെ കാഴ്ച്ച കണ്ട് നിക്കാരുന്നു ) ദൈവേ ഓൾഗേടെ കണ്ണില് ഈ ബാഗ് പെടല്ലേ ....... കണ്ടാല് പണി എനിക്കാണല്ലോ. അതിനകത്ത് പൂച്ച യാരിക്കും എന്നാ കരുതീത്.
കുർബ്ബാന തൊടങ്ങി കൊറച്ച് കഴിഞ്ഞപ്പോ പൂത്തിരിപോലത്തെ വാല് ആദ്യം പൊറത്തെത്തി. ബാഗിൻ്റെ ഒരു സൈഡിലെ ഓട്ടേക്കൂടെ . കൊറച്ച് കഴിഞ്ഞപ്പോ മറ്റേ സൈഡിക്കൂടെ തലേം. ഒരു പട്ടിക്കുഞ്ഞാരുന്നു. അവൾ തല ചെരിച്ച് എന്നെ സ്‌നേഹത്തോടെ നോക്കി. "അച്ചോടാ...." എന്നിൽ വാൽസല്യം നുരഞ്ഞു
അത് ഓൾഗയേ നോക്കി. ഓൾഗയുടെ കണ്ണിൽ ആയിരം പൂത്തിരികത്തി. പട്ടിക്കുഞ്ഞ് കരിഞ്ഞ് പോവാഞ്ഞത് ഭാഗ്യം. പള്ളിയായോണ്ട് ഒൾഗ ക്ഷമ കാണിക്കുന്നുണ്ട്. എന്നാലും ഇരിക്കുന്നു എണീക്കുന്നു മുരടനക്കുന്നു എന്നീ പ്രക്ഷോഭങ്ങൾ പള്ളിക്കനുയോജ്യമായ വിധത്തിൽ പ്രകടിപ്പിക്കുന്നുണ്ട്.
പട്ടിക്കുഞ്ഞ് പതുക്കെ ബാഗിൽ നിന്നും നൂണ്ട് പുറത്തിറങ്ങി ബെഞ്ചിൽ തലവച്ച് കിടപ്പായി. അതിൻ്റെ ഉടമസ്ഥ സ്വർണ്ണ മുടി കാരി ചേച്ചി 'അയ്യോ' എന്ന് വെപ്രാളപ്പെട്ട് അതിനെ വീണ്ടും ബാഗിലാക്കും എന്ന് കരുതിയ എനിക്ക് തെറ്റി. ചേച്ചി അതിനെ ഒന്ന് നോക്കി വീണ്ടും കുർബ്ബാനയിൽ ശ്രദ്ധിച്ചു.
ചേച്ചി ഇടയ്ക്ക് ബൈബിൾ വായിക്കാൻ പോയി. പട്ടിക്കുഞ്ഞ് അവിടെയും എന്നെ കബളിപ്പിച്ചു. അത് ചേച്ചിയുടെ പുറകെ പോകാതെ അവിടെ തന്നെ കിടന്നു.
ഒൾഗ ഇടയ്‌ക്ക് അതിനെ കുത്തിയിളക്കാൻ നോക്കി. ഞാൻ പാടുപെട്ട് പിന്തിരിപ്പിച്ചു.
നമ്മടെ പള്ളിം നമ്മടെ നാട്ടിലെ ആൾക്കാരും നമ്മള് വളത്തണ പട്ടിക്കുഞ്ഞും ആയിരുന്നെങ്കി എന്തായിരുന്നു സ്ഥിതി. ബഹളമായേനേ.
അപ്പുറത്ത് കുട്ടികളും മുതിർന്നവരും എല്ലാം നിൽപ്പുണ്ട്. ആ പട്ടിക്കുഞ്ഞ് കുർബ്ബാന കഴിയും വരെ ആരേയും അലോസരപ്പെടുത്തിയില്ല. ആരും പട്ടിക്കുഞ്ഞിനെ ശ്രദ്ധിക്കുന്നതായി ഭാവിച്ചുമില്ല. ഒരു ഫോട്ടോ സൂത്രത്തിൽ എടുത്തു. മനുഷ്യരേക്കാൾ കരുതലോടെ പെറ്റ്സിനെ നോക്കുന്ന കാണുമ്പോ അത്ഭുതം തോന്നും. കുഞ്ഞുങ്ങളെ കിടത്തി ഉന്തികൊണ്ടു പോകുന്ന എന്താ അതിൻ്റെ പേര്.... ഓർമ്മയില്ല . അതിൽ കിടത്തി പട്ടിക്കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നത് യാത്രകളിൽ ചിലപ്പോൾ കണ്ടിട്ടുണ്ട്.