Image

നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍

Published on 27 April, 2026
നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍

 

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍. നെടുങ്കണ്ടം പച്ചടി സ്വദേശികളായ മറിയക്കുട്ടി, മകന്‍ റെജി എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു സമീപമുള്ള കുഴിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുകയാണ്.

ഇരുവരേയും ഏപ്രില്‍ 9 മുതല്‍ കാണാനില്ലെന്ന് കാണിച്ച് മറിയക്കുട്ടിയുടെ മകള്‍ സിനി ആണ് പോലീസില്‍ പരാതി നല്‍കിയത്. മറിയക്കുട്ടിയുടെ ഇളയ മകന്‍ സജി കഴിഞ്ഞ ദിവസം വൈകിട്ട് വരെ സ്ഥലത്തുണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

ഏപ്രില്‍ 9 മുതല്‍ അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന സജി അമ്മയും സഹോദരനും ധ്യാനത്തിനു പോയി എന്നും ആശുപത്രിയില്‍ പോയി എന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സിനിയെ സജി വീട്ടില്‍ കയറ്റിയിരുന്നില്ല. സജിയുടെ വാക്കുകളില്‍ പൊരുത്തക്കേട് തോന്നിയ സിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് എത്തി സ്ഥലത്തു പരിശോധന നടത്തുമ്പോള്‍ വീടിനോട് ചേര്‍ന്ന് കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. മണ്ണ് നീക്കി നോക്കിയപ്പോള്‍ പാന്‍സ് ധരിച്ച ഒരു കാല്‍ കണ്ടെത്തി. ഇതോടെ ഫോറന്‍സിക് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

അതിനിടെ, മറിയക്കുട്ടിയുടെ ഭര്‍ത്താവിനെ 2018 മേയ് നാല് മുതല്‍ കാണാതായതാണ്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തീരോധാനത്തിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക