
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. വൈദ്യുതി നിയന്ത്രണം എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കും. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.
പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി പറയുന്നു. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വകുപ്പെന്നും കെഎസ് ഇബി.
'വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിനും 10-നും ഇമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23-ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി.'