
ഗ്വാളിയോര്‍: വിവാഹ മോചനത്തിന് കോടതിയില്‍ ദമ്പതികള്‍ തമ്മില്‍ പല ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. ചിലപ്പോഴൊക്കെ അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും അര്‍ ഹാജരാക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 28 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ വീട്ടമ്മ ഹാജരാക്കിയ തെളിവുകള്‍ ഞെട്ടിപ്പിക്കുന്നതായി. ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത ആരോപണവും തെളിവുകളുമാണ് അവര്‍ കൊണ്ടുവന്നത്. ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നും സ്വന്തം സഹോദരി തന്നെയാണ് ഭാര്യയായിരിക്കുന്നതെന്നുമാണ് അവരുടെ വാദം.
എന്നാല്‍ ആരോപണങ്ങള്‍ കള്ളമാണെന്നും തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നുമാണ് ഭര്‍ത്താവിന്റെ വാദം. തന്റെ വാദം പരിഗണിക്കാതെ ഭാര്യയ്ക്ക് ഏകപക്ഷീയമായി വിവാഹമോചനം അനുവദിച്ച കീഴ്‌കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ഗ്വാളിയോര്‍ സ്വദേശിയായ സ്ത്രീ 1998ലാണ് ഒരു മാര്‍ക്കറ്റിംഗ് കമ്പനി ജീവനക്കാരനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു. ഇത് പതിവായതോടെ ദമ്പതികള്‍ക്കിടെ കലഹം പതിവായി. 2015 മുതല്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ഭാര്യ വീട്ടില്‍ നിന്ന് താമസം മാറുകയും ചെയ്തു.
എങ്ങനെയെങ്കിലും വിവാഹ മോചനം വേണമെന്ന് ഭാര്യ ആഗ്രഹിച്ചുവെങ്കിലും ഭര്‍ത്താവ് അതിനു തയ്യാറായിരുന്നില്ല. 2021ല്‍ ഗ്വാളിയോര്‍ കുടുംബകോടതിയെ സമീപിച്ച ഭാര്യ, തന്റെ ഭര്‍ത്താവ് പുനര്‍വിവാഹിതനായെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു. തെളിവായി ഒരു കുടുംബ ഗ്രൂപ്പ് ഫോട്ടോ ഇവര്‍ കോടതിയില്‍ ഹാജരാക്കി. തന്റെ സഹോദരിക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ഭര്‍ത്താവ് നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോയില്‍ ഭര്‍ത്താവിന്റെ സമീപത്തുനില്‍ക്കുന്ന സ്ത്രീ അയാളുടെ രണ്ടാംഭാര്യ ആണെന്നാണ് ഭാര്യയുടെ കണ്ടെത്തല്‍. ഫോട്ടോ പരിശോധിച്ച കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു.
എന്നാല്‍ വിവാഹമോചന വിധി ഏകപക്ഷീയമാണെന്നും തന്റെ ഭാഗം അറിയിക്കാന്‍ ഭര്‍ത്താവിന് അവസരം ലഭിച്ചില്ലെന്നും തന്റെ പങ്കാളിത്തമില്ലാതെയാണ് വിവാഹമോചനമെന്നും ഹര്‍ജിയില്‍ പറയുന്നു. ഏപ്രില്‍ ആദ്യവാരമാണ് വിവാഹമോചന വിധി ഭര്‍ത്താവിന് ലഭിക്കുന്നത്. തുടര്‍ന്ന് തെളിവുകള്‍ പരിശോധിക്കുമ്പോഴാണ് തന്റെ രണ്ടാം ഭാര്യയാണെന്ന് പറഞ്ഞത് ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടിയ ഫോട്ടോയിലെ സ്ത്രീ സ്വന്തം സഹോദരിയാണെന്ന യഥാര്‍ത്ഥ്യം പുറത്തുവരുന്നത്.
തന്റെ ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ ഇടപെടല്‍ വഴിയാണ് വിവാഹ മോചന വിധി സമ്പാദിച്ചതെന്നും അത് റദ്ദാക്കണമെന്നും അയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെന്ന് സര്‍ക്കാര്‍ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ശര്‍മ്മ പറഞ്ഞു. ഭര്‍ത്താവിന്റെ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.