
കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്റ്റെയിൻസ് ട്രേഡിങ് കമ്പനിയിൽ വൻ കവർച്ച. ഡ്രൈ ഫ്രൂട്ട്സ് മൊത്തവ്യാപാര സ്ഥാപനമായ ഇവിടെനിന്ന് 23 ലക്ഷം രൂപയാണ് മോഷണം പോയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും ബില്ലിംഗ് ഡ്രോയറിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ 12 മണിക്കും രണ്ട് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബാങ്കുകൾക്ക് അവധിയായതിനാൽ പണം ലോക്കറിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് സ്ഥാപന ഉടമ പറഞ്ഞു.
പിപിഇ കിറ്റിന് സമാനമായ വസ്ത്രം ധരിച്ച് മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. സ്ഥാപനത്തിന്റെ പിൻഭാഗം കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മോഷണം വളരെ വിദഗ്ധമായി നടത്തിയതുകൊണ്ട് തന്നെ, ഇതിനു പിന്നിൽ ഒരു പ്രൊഫഷണൽ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മോഷ്ടാക്കൾ സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സമീപത്തെ മറ്റ് സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചുവരികയാണ്.