
മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആകണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്.) നേതാവ് അസ്ലം മഷ്ഹൂർ തങ്ങൾ. ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ്. ഗോൾഡൻ ജൂബിലി പ്രഖ്യാപന ചടങ്ങിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. വോട്ടെണ്ണലിന് ശേഷം കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായി അധികാരമേൽക്കണമെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള മുതിർന്ന ലീഗ് നേതാക്കൾ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം. പ്രസംഗം കേട്ട വേദിയിലുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പുഞ്ചിരിയോടെയാണ് ഇതിനെ സ്വീകരിച്ചത്. സദസ്സിലുണ്ടായിരുന്ന നേതാക്കളാരും തന്നെ ഈ പ്രസ്താവന തിരുത്താൻ മുതിർന്നില്ല എന്നതും ശ്രദ്ധേയമായി.
യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ മന്ത്രിസഭയിലെ സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നതിനിടെയാണ് എസ്.എം.എഫ്. വേദിയിൽ നിന്നുമുണ്ടായ ഈ ആവശ്യം. ഒരു പ്രബലമായ മതസംഘടനയുടെ വേദിയിൽ നിന്നുകൊണ്ട് ഇത്തരമൊരു ആവശ്യം ഉയർന്നത് വരും ദിവസങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.