
വാഷിംഗ്ടൺ ഡി.സി: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബാലേ പങ്കെടുത്ത ചടങ്ങിൽ നിന്ന് അകലം പാലിച്ച് ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന. വാഷിംഗ്ടൺ ഡി.സിയിലെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'ന്യൂ ഇന്ത്യ കോൺഫറൻസിൽ' റോ ഖന്നയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ചടങ്ങിലെ അതിഥി പട്ടികയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ആർ.എസ്.എസിനെ യാതൊരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ-അമേരിക്കൻ മുസ്ലീം കൗൺസിലിന്റെ ചോദ്യത്തിന് മറുപടിയായി എക്സിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ ചടങ്ങിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത് പ്രകാരം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള നേതാക്കളിലൊരാളായി കണക്കാക്കപ്പെടുന്ന റോ ഖന്ന, മുൻപും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി വിദേശകാര്യ വിഭാഗം ചുമതലയുള്ള വിജയ് ചൗതായ്‌വാലെ, രാം മാധവ് എന്നിവരും നിലവിലെയും മുൻപത്തെയും യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. തന്റെ അമേരിക്കൻ സന്ദർശനം സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാനും അവിടുത്തെ പ്രമുഖരുമായി സമ്പർക്കം പുലർത്താനുമാണെന്ന് ദത്തത്രേയ ഹൊസബാലേ പ്രതികരിച്ചു. ബഹുസ്വരത ഉയർത്തിപ്പിടിക്കണമെന്നും തീവ്രദേശീയതയെ തള്ളിക്കളയണമെന്നുമുള്ള റോ ഖന്നയുടെ മുൻ നിലപാടുകൾക്കെതിരെ ചില ഹിന്ദു സംഘടനകൾ മുൻപ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.