
വാഷിംഗ്ടൺ ഡി.സി: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ലക്ഷ്യമിട്ട് ഇറാൻ പുതിയ നയതന്ത്ര നിർദ്ദേശം സമർപ്പിച്ചു. പാകിസ്താൻ മുഖേനയാണ് 'പുതിയ പ്രമേയം' അമേരിക്കയ്ക്ക് കൈമാറിയതെന്ന് വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആഗോള എണ്ണക്കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധതയാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളായുള്ള കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ സമുദ്രപാതയിലെ പ്രതിസന്ധികൾ പരിഹരിക്കാനും യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു. ഉപരോധം നീക്കിയ ശേഷം യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയോ അല്ലെങ്കിൽ വെടിനിർത്തൽ ദീർഘിപ്പിക്കുകയോ ചെയ്യാമെന്നും ഇറാൻ നിർദ്ദേശിക്കുന്നു. അതേസമയം, അമേരിക്ക പ്രധാനമായും ആവശ്യപ്പെടുന്ന ആണവ ചർച്ചകൾ സമുദ്രപാത തുറന്നതിനുശേഷം മാത്രമേ ആരംഭിക്കൂ എന്നാണ് ഇറാന്റെ നിലപാട്.
ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ആണവായുധങ്ങൾ കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ചർച്ചകൾക്കായി ദൂരയാത്ര ചെയ്യുന്നതിലുള്ള വൈമുഖ്യം പ്രകടിപ്പിച്ച ട്രംപ്, ഫോണിലൂടെ സംസാരിക്കാൻ ഇറാൻ തയ്യാറാകണമെന്നും നിർദ്ദേശിച്ചു. ഫെബ്രുവരി 28-ലെ ഇസ്രായേൽ-യുഎസ് സൈനിക നീക്കത്തിന് ശേഷം വൻതോതിലുള്ള യുദ്ധത്തിന് ശമനമുണ്ടായെങ്കിലും ഔദ്യോഗികമായ സമാധാന ഉടമ്പടി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. നാവിക ഉപരോധം നീക്കുന്നതിനൊപ്പം ഭാവിയിൽ സൈനിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന ഉറപ്പും നഷ്ടപരിഹാരവും ഇറാൻ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്താനിരിക്കെ, പുതിയ നയതന്ത്ര നീക്കങ്ങളിൽ ആഗോള സമൂഹം വലിയ പ്രതീക്ഷയിലാണ്.