
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തെ ശക്തമായി അപലപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ജനാധിപത്യ സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്തു. വെടിവയ്‌പിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കിലും, ജനാധിപത്യ പ്രക്രിയയിൽ അക്രമം കലർത്തുന്ന രീതിയെ എല്ലാവരും തള്ളിക്കളയണമെന്ന് ഒബാമ എക്സിലൂടെ ആവശ്യപ്പെട്ടു. സീക്രട്ട് സർവീസ് ഏജന്റുമാർ ഓരോ ദിവസവും കാട്ടുന്ന ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും, പരിക്കേറ്റ ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനിടെയാണ് വെടിവയ്പുണ്ടായത്. 31 കാരനായ കോൾ തോമസ് അലൻ എന്നയാളാണ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടനടി കീഴ്പ്പെടുത്തിയതായും ഇയാൾക്ക് സുരക്ഷാ പരിധിക്കപ്പുറത്തേക്ക് കടക്കാനായില്ലെന്നും ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ അറിയിച്ചു. ആയിരക്കണക്കിന് അതിഥികളെ അതിവേഗത്തിൽ സുരക്ഷിതരാക്കിയ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനത്തെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വീജിയ ജിയാങ് അഭിനന്ദിച്ചു. വെടിവയ്‌പിന് പിന്നാലെ ഭരണരംഗത്തെയും സുരക്ഷാ സഹകരണത്തെയും കുറിച്ചുള്ള തന്റെ നിലപാടുകൾ ട്രംപ് ആവർത്തിക്കുകയും യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക ട്രില്യൺ കണക്കിന് ഡോളർ ചെലവഴിക്കുമ്പോൾ നാറ്റോ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തു.