
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പിനെ ശക്തമായി അപലപിച്ച പ്രമുഖ ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികൾ, രാഷ്ട്രീയ അതിക്രമങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന ജനപ്രതിനിധി സുഹാസ് സുബ്രഹ്മണ്യം, തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ക്രോസ് ഫയറിങ് മുന്നറിയിപ്പ് നൽകി ഓടുന്നത് കണ്ട ഭയാനകമായ നിമിഷങ്ങൾ പങ്കുവെക്കുകയും തൂണിന് പിന്നിൽ അഭയം പ്രാപിച്ചാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ, താനേദാർ, ജെനിഫർ രാജ്കുമാർ തുടങ്ങിയ നേതാക്കൾ സുരക്ഷാ ഏജൻസികളുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും പരിക്കേറ്റ സീക്രട്ട് സർവീസ് ഏജന്റിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന പത്രസ്വാതന്ത്ര്യത്തെ ആഘോഷിക്കേണ്ട ചടങ്ങിനെ അക്രമത്തിലൂടെ തകർക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവർ സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികൾ തന്നെ തളർത്തില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, മുപ്പത് ദിവസത്തിനുള്ളിൽ ചടങ്ങ് പുനഃക്രമീകരിക്കുമെന്ന് അറിയിച്ചു. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രകീർത്തിക്കുകയും രാഷ്ട്രീയ അതിക്രമങ്ങൾ ഇല്ലാതാകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്തു.