
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് നടത്തിയ ഒരു പരാമർശം അക്ഷരാർത്ഥത്തിൽ സത്യമായതിന്റെ ഞെട്ടലിലാണ് അമേരിക്കൻ രാഷ്ട്രീയ ലോകം. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (WHCA) ഡിന്നറിന് തൊട്ടുമുമ്പ് കരോളിൻ നടത്തിയ "ഇന്ന് രാത്രി വെടിയുണ്ടകൾ ഉതിർക്കപ്പെടും" (Shots will be fired) എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായത് എന്നതാണ് ശ്രദ്ധേയം . ട്രംപിന്റെ പ്രസംഗ ശൈലിയെ വിശേഷിപ്പിച്ച് ലെവിറ്റ് നടത്തിയ “വെടിയൊച്ചകൾ ഉണ്ടാകും” എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ സംഭവിച്ചതാണ് വെടിവയ്പ്പ് നടന്നതോടെ ആഗോളതലത്തിൽ ശ്രദ്ധനേടിയത്
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ലെവിറ്റിന്റെ പരാമർശം. "ഇന്ന് രാത്രി ട്രംപ് തന്റെ ക്ലാസിക് ശൈലിയിൽ തന്നെയായിരിക്കും. ഈ ഹാളിൽ ഇന്ന് രാത്രി ചില വെടിയുണ്ടകൾ ഉതിർക്കപ്പെടും" എന്നായിരുന്നു ലെവിറ്റ് പറഞ്ഞത്. രാഷ്ട്രീയ എതിരാളികൾക്കും മാധ്യമങ്ങൾക്കുമെതിരെ ട്രംപ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുമെന്ന അർത്ഥത്തിലാണ് ലെവിറ്റ് ഈ വാചകം പ്രയോഗിച്ചതെങ്കിലും, അല്പസമയത്തിനുള്ളിൽ ഹോട്ടലിന് പുറത്ത് യഥാർത്ഥ വെടിവെപ്പ് നടന്നത് ഏവരെയും അത്ഭുതപ്പെടുത്തി