
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും എഫ്.ബി.ഐ ഡയറക്ടറുമായ കാഷ് പട്ടേൽ ഉടൻ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയിലാണ് കാഷ് പട്ടേലിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.
കാഷ് പട്ടേലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന തുടർച്ചയായ നെഗറ്റീവ് വാർത്തകളിൽ പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ പട്ടേലിനെ മാറ്റിയേക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രംപ് ക്യാബിനറ്റിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് നടക്കുന്നത്. ഈ മാസം ആദ്യം നേവി സെക്രട്ടറി ജോൺ സി. ഫെലൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഹംഗ് കാവോ ആണ് നിലവിൽ ഈ ചുമതല വഹിക്കുന്നത്. ഇതിനുപിന്നാലെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജ് ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പുറത്തുപോയത്.
അറ്റോർണി ജനറൽ പാം ബോണ്ടി, ലേബർ സെക്രട്ടറി ലോറി ഷാവേസ് ഡെറെമർ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവരും അടുത്തിടെ സ്ഥാനമൊഴിഞ്ഞ പ്രമുഖരിൽ ഉൾപ്പെടുന്നു. പാം ബോണ്ടിക്ക് പകരം ടോഡ് ബ്ലാഞ്ചെ താൽക്കാലിക ചുമതലയേറ്റപ്പോൾ, ക്രിസ്റ്റി നോമിനെ പുതിയ പ്രാദേശിക സുരക്ഷാ ദൗത്യത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഉന്നതതലങ്ങളിൽ ഇനിയും അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ഉറപ്പായതോടെ വാഷിംഗ്ടൺ രാഷ്ട്രീയ വൃത്തങ്ങൾ വലിയ ആകാംക്ഷയിലാണ്.