
വാഷിംഗ്‌ടൺ ഹിൽട്ടണിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്ത ഡിന്നറിൽ വെടിവയ്‌പ് നടത്തിയ കോൾ ടോമസ് അലൻ (31) കുറ്റകൃത്യം നടത്താൻ എത്തിയത് കൈത്തോക്കും ഷോട്ട് ഗണ്ണും നിരവധി കത്തികളുമായാണെന്നു ഡി സി ഇന്ററിം പോലീസ് ചീഫ് ജെഫ് കരോൾ പറഞ്ഞു. കാലിഫോർണിയ ടോറൻസ് നിവാസിയായ അലനു മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നതായി സൂചനയൊന്നും ഇപ്പോഴില്ല.
"തിന്മ നിറഞ്ഞവൻ" എന്നാണ് പ്രസിഡന്റ് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചത്.
ട്രംപ് ഉൾപ്പെടെ 2,500 അതിഥികൾ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിൽ ബോൾറൂമിനു നേരെ ആയിരുന്നു അക്രമിയുടെ ഉന്നം. എന്നാൽ ആദ്യ തല സുരക്ഷാ വലയത്തിൽ തന്നെ അയാളെ വീഴ്ത്തിയെന്നു സീക്രട്ട് സർവീസ് പറയുന്നു.
രാത്രി എട്ടരയോടെ സാലഡ് വിളമ്പുന്ന നേരത്താണ് ഹോട്ടലിനുള്ളിലെ സുരക്ഷാ പരിശോധന നടക്കുന്നിടത്തു അലൻ ആദ്യ വെടി പൊട്ടിച്ചത്. വെടിയൊച്ച കേട്ടതോടെ ട്രംപിനെയും മറ്റുളളവരെയും തിരക്കിട്ടു പുറത്തേക്കു കൊണ്ടുപോവുകയും അലനെ കീഴടക്കുകയും ചെയ്തു.
സി2 എഡ്യൂക്കേഷൻ എന്ന വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിൽ അധ്യാപകനാണ് അലൻ എന്നു ലിങ്ക്ഡീൻ പ്രൊഫൈലിൽ പറയുന്നു. 2024ൽ മികച്ച അധ്യാപകനുള്ള അവാർഡ് വാങ്ങി.
2017ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിൽ നിന്നു മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം എടുത്ത അലൻ 2024 ഒക്ടോബറിൽ കമലാ ഹാരിസിന്റെ ക്യാമ്പയിന് $25 സംഭാവന നൽകിയെന്ന് റിപ്പോർട്ടുണ്ട്.
അലൻ വളരെ വേഗത്തിൽ ഓടി വന്നു വെടിവയ്ക്കുമ്പോൾ താൻ 50 യാഡ് അകലെ ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു. "ഇറാൻ യുദ്ധവുമായി ആക്രമണത്തിനു ബന്ധമുണ്ടെന്നു ഞാൻ കരുതുന്നില്ല."
DC shooter was heavily armed