Image

വെടിവയ്‌പിൽ ഭീകര ബന്ധമില്ലെന്നു സൂചന: അക്രമിക്കു കൂട്ടാളികൾ ഇല്ലെന്നു ട്രംപ് (പിപിഎം)

Published on 26 April, 2026
വെടിവയ്‌പിൽ ഭീകര ബന്ധമില്ലെന്നു സൂചന: അക്രമിക്കു കൂട്ടാളികൾ ഇല്ലെന്നു ട്രംപ് (പിപിഎം)

വാഷിംഗ്‌ടൺ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടയിൽ വെടിവയ്‌പ്‌ നടത്തിയ യുവാവിനു കൂട്ടാളികൾ ഉണ്ടായിരുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.

കലിഫോർണിയയിൽ അക്രമിയുടെ അപ്പാർട്മെന്റ് അന്വേഷണ ഏജൻസികൾ പരിശോധിക്കയാണെന്നു അദ്ദേഹം അറിയിച്ചു.

കോൾ തോമസ് അലൻ എന്നു പേരുള്ള 31കാരനാണ് അക്രമിയെന്നു 'ന്യൂ യോർക്ക് പോസ്റ്റ്'  റിപ്പോർട്ട് ചെയ്‌തു. കലിഫോർണിയ ടോറൻസിൽ നിന്നുള്ള അയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  

പ്രസിഡന്റും പ്രഥമവനിതയും ഉൾപ്പെടെ വിശിഷ്ടാതിഥികൾ എല്ലാവരും സുരക്ഷിതരാണ്. എന്നാൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനു നേരെ അക്രമി വെടിവച്ചെന്നു ട്രംപ് പറഞ്ഞു. "നല്ലൊരു ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നതു കൊണ്ട് അയാൾ രക്ഷപെട്ടു."

താൻ ആ വെടിവയ്‌പ്‌ നടന്നിടത്തു നിന്ന് അപ്പോൾ അകലെ ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു.  അൻപതു യാഡ് അകലെ നിന്നായിരുന്നു അയാൾ വെടിവച്ചത്.

പ്രസിഡന്റ് ആയിരുന്നോ ലക്‌ഷ്യം എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ആണെന്നു ഞാൻ കരുതുന്നു."

"ഈ രാജ്യത്തെ മഹത്തരമാക്കാൻ വേണ്ടി ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു. "രാഷ്ട്രീയം ഏറെ അപകടം നിറഞ്ഞ തൊഴിലാണ്."

അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രസിഡന്റിന്റെ സമീപം ഉണ്ടായിരുന്ന ആക്റ്റിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു. ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നവരുമായി സംസാരിക്കുമെന്നു എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ പറഞ്ഞു.

പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ തുടങ്ങിയവരും തിങ്ങി നിറഞ്ഞ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അക്രമിക്കു നല്ല വേഗത ഉണ്ടായിരുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ സീക്രട്ട് സർവീസ് മികച്ച ജോലിയാണ് ചെയ്തത്.

ഹിൽട്ടൺ കെട്ടിടത്തിൽ സുരക്ഷ കുറവാണെന്നു വാദിച്ച ട്രംപ് വൈറ്റ് ഹൗസ് ബോൾ റൂം വളരെ പ്രധാനപ്പെട്ട ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

'വധശ്രമം' ട്രംപിനു ജനപിന്തുണ വർധിപ്പിക്കാനും ഇടതു പക്ഷത്തെ കരിതേക്കാനുമായി ആസൂത്രണം ചെയ്തതാണെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടായി.

Trump says Hilton shooter was 'lone wolf'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക