
പാക്കിസ്ഥാനിൽ ഇറാനുമായി ചർച്ച നടത്താൻ ദൂതന്മാരെ അയക്കുന്നതു വേണ്ടെന്നു വച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദ് വിട്ടതിനെ തുടർന്നാണിത്.
എന്നാൽ തുടർ ചർച്ചകൾ നടക്കില്ലെന്നു ട്രംപ് പ്രഖ്യാപിച്ചില്ല. ഇറാന്റെ നേതൃത്വത്തിനു ഒറ്റക്കെട്ടായ അഭിപ്രായം ഇല്ലെന്നും അവർ സ്ഥലം വിട്ടതിനാൽ 16-17 മണിക്കൂർ യാത്ര ചെയ്‌തു യുഎസ് പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പോകുന്നത് സമയനഷ്ടം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
"ഇറാൻകാരെ കാണാൻ എന്റെ ദൂതന്മാർ ഇസ്ലാമാബാദിലേക്കു പോകേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. യാത്രയ്ക്ക് ഏറെ മണിക്കൂറുകൾ പാഴാകും, അമിതമായ അധ്വാനം! അതിനു പുറമെ അവരുടെ നേതൃത്വത്തിൽ കടുത്ത തമ്മിലടിയും ചിന്താക്കുഴപ്പവും.
"ആർക്കാണ് ചുമതലയെന്നു ആർക്കും അറിയില്ല. മാത്രമല്ല, നമുക്ക് എല്ലാ ആയുധങ്ങളുമുണ്ട്, അവർക്കു ഒന്നുമില്ല. അവർക്കു സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒന്നു വിളിച്ചാൽ മതി."
പാക്ക് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ഒമാനിലേക്കു പറന്നപ്പോൾ ഉഭയകക്ഷി വിഷയങ്ങൾ മാത്രമാണ് അദ്ദേഹം ചർച്ച ചെയ്തതെന്നു പാക്ക് മാധ്യമങ്ങൾ പറഞ്ഞു.
ട്രംപിന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരെ ട്രംപ് പാക്കിസ്ഥാനിലേക്കു അയക്കുന്നുവെന്നു വെള്ളിയാഴ്ച്ച അറാഗ്ചി ഇസ്ളാമാബാദിൽ എത്തിയ ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചിരുന്നു. വേണ്ടിവന്നാൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പോകുമെന്ന് അവർ പറഞ്ഞു.
രണ്ടു ദിവസമായി ഇറാന്റെ ഭാഗത്തു നിന്നു കുറച്ചു പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ യുഎസുമായി നേരിട്ടു സംസാരിക്കില്ലെന്നു ടെഹ്‌റാൻ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 11നു നടന്ന ചർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് വെള്ളിയാഴ്ച ഇസ്ലാമാബാദിൽ എത്തിയതുമില്ല.
ഇറാൻ വിദേശകാര്യ വകുപ്പ് വക്താവ് ഇസ്മയിൽ ബാഗെയ് വ്യക്തമായി പറഞ്ഞു: "ഇറാനും യുഎസുമായി ഇസ്ലാമാബാദിൽ ചർച്ചയൊന്നും നടത്താൻ ഉദ്ദേശിക്കുന്നില്ല. ഇറാനു പറയാനുള്ള കാര്യങ്ങൾ പാക്കിസ്ഥാനോടു പറയും."
അറാഗ്ചി ആവട്ടെ, ഉഭയകക്ഷി വിഷയങ്ങൾ മാത്രമേ ഇസ്ലാമാബാദിൽ സംസാരിച്ചുള്ളൂ എന്നാണ് പറഞ്ഞത്. ഒമാൻ, റഷ്യ യാത്രകളും അതിന്റെ ഭാഗമാണ്.
Trump not sending envoys to Islamabad