
കണ്ണൂർ പേരാവൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സംഭവത്തിൽ, പ്രതിയുടെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചും ക്രൂരമായ മാനസികാവസ്ഥയെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ അയൽവാസിയോട് പ്രതി ക്രിസ്റ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അമ്മയെ കൊന്നതിന് പിന്നാലെ അച്ഛനെയും തനിക്ക് വകവരുത്തണമെന്നും, തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും ക്രിസ്റ്റി പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊളക്കാട് സ്വദേശിനിയായ ഗീതമ്മ (50) മകന്റെ ക്രൂരതയ്ക്ക് ഇരയായത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഗീതമ്മയെ വീട്ടിൽ വെച്ച് ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തികഞ്ഞ നിസ്സംഗതയോടെ പുറത്തിറങ്ങിയ ക്രിസ്റ്റി, തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അയൽവാസിയായ നിപുനോട് ചോദിച്ചു. ഇതിനെത്തുടർന്ന് നിപുനാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. യാത്രയ്ക്കിടയിലാണ് വീട്ടുകാരോടുള്ള തന്റെ പകയെക്കുറിച്ച് ക്രിസ്റ്റി സംസാരിച്ചതെന്ന് അയൽവാസി പറയുന്നു.
മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയായ ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. ബെംഗളൂരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ കടുത്ത ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകൾ.
ലഹരിയുടെ സ്വാധീനത്തിലാണോ അതോ കുടുംബപ്രശ്നങ്ങളാണോ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.