Image

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്ക് വിലക്ക്; പരസ്യപ്രസ്താവന നടത്തിയാൽ കർശന നടപടിയെന്ന് സണ്ണി ജോസഫ്

Published on 25 April, 2026
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്ക് വിലക്ക്; പരസ്യപ്രസ്താവന നടത്തിയാൽ കർശന നടപടിയെന്ന് സണ്ണി ജോസഫ്

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് കർശന വിലക്കേർപ്പെടുത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളോ പ്രവർത്തകരോ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നടത്തുന്ന ഇത്തരം പ്രസ്താവനകൾ സംഘടനയുടെ പ്രതിച്ഛായയെ പൊതുസമൂഹത്തിൽ മോശമായി ബാധിക്കുമെന്നും അച്ചടക്കലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളിലും വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് എഐസിസി നേരത്തെ തന്നെ കർശനമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാതെ ചിലർ ചർച്ചകൾ തുടരുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കെപിസിസി വീണ്ടും കർശനമായ നടപടിയുമായി രംഗത്തെത്തിയത്.

പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം ചർച്ചകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് സണ്ണി ജോസഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ സംഘടനാപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക