Image

ആരോഗ്യ മന്ത്രിക്ക് നേരെയുണ്ടായ വധശ്രമത്തിന് തെളിവില്ല; ഉണ്ടായത് ഉന്തുംതള്ളും മാത്രമെന്ന് മൊഴി

Published on 25 April, 2026
ആരോഗ്യ മന്ത്രിക്ക് നേരെയുണ്ടായ വധശ്രമത്തിന് തെളിവില്ല; ഉണ്ടായത് ഉന്തുംതള്ളും മാത്രമെന്ന് മൊഴി

കണ്ണൂര്‍ : ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ വധശ്രമം ഉണ്ടായെന്ന ഗണ്‍മാന്‍റെ ആരോപണം പൊളിഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മൊഴി നൽകിയത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതിയാണ് ഇതോടെ പൊളിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 25 നായിരുന്നു രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.

അന്ന് കണ്ണൂരിലെത്തിയ ആരോഗ്യ മന്ത്രിക്ക് നേരെ അഞ്ചിടത്താണ് പ്രതിപക്ഷ യുവജന സംഘടനളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതോടെ പ്രതിഷേധം രൂക്ഷമായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചക്ക് വന്ദേഭാരതിൽ മടങ്ങേണ്ട മന്ത്രിയെ കെഎസ്‍യു നേതാക്കൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കരിങ്കൊടി കാണിക്കുകയായിരുന്നു.

രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന് മുന്നില്‍ ഉന്തും തള്ളും ബഹളവും ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. വ്യാപകമായി കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു.

രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‍യുക്കാരെ ടൗണ്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമറി. രാത്രി എഫ്ഐആര്‍ ഇട്ടതോടെ പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ്  ജാമ്യം ലഭിച്ചത്.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക