
സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത. ചന്ദ്രശേഖര്‍ റാവു സ്ഥാപിച്ച ബിആര്‍എസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിനു ശേഷമാണ് സ്വന്തമായി കവിത പാര്‍ട്ടി രൂപവത്കരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന (ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. കെ. ചന്ദ്രശേഖര്‍ റാവു രൂപീകരിച്ച തെലങ്കാന രാഷ്ട്ര സമിതിയോട് സാമ്യമുള്ള പേരും (ടിആര്‍എസ്) എന്ന ചുരുക്കെഴുത്തുമാണ് കവിത ഉപയോഗിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യ മോഹവുമായി റാവു തന്റെ ടിആര്‍എസിനെ ബിആര്‍സ് (ഭാരത് രാഷ്ട്ര സമിതി) ആക്കിയിരുന്നു.
ബിആര്‍എസിന്റെ എംപിയായും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും കവിത പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കവിതയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്.
ഒരു പാര്‍ട്ടി, അതിന്റെ അടിസ്ഥാനവിഷയത്തില്‍നിന്ന് വ്യതിചലിച്ചാല്‍ പിന്നെ അതിന് നിലനില്‍പ്പുണ്ടാകില്ലെന്നു ബിആര്‍എസിനെ വിമര്‍ശിച്ച് പാര്‍ട്ടി രൂപീകരണ വേളയില്‍ കവിത പറഞ്ഞു. തെലങ്കാനയുടെ പൂര്‍ത്തീകരിക്കപ്പെടാത്ത അജണ്ടയും അഭിലാഷങ്ങളും നിറവേറ്റാന്‍ ഒരു പ്രാദേശിക പാര്‍ട്ടി നമുക്ക് വേണമെന്നും നമ്മുടെ പാര്‍ട്ടി അതായിരിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപന വേളയില്‍ കവിത പറഞ്ഞു.