
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയെ പ്രതിചേർത്തു. ഇതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഡിജിപി ആയിരുന്ന ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് ഡെപ്യൂട്ടി മേയർ ആശാനാഥിനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെട്ടയത്തുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ 'പോടാ പുല്ലേ പോലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ' എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും, ആർ. ശ്രീലേഖ ഇത് ഏറ്റുവിളിക്കുകയും ചെയ്തതാണ് വിവാദമായത്. പോലീസ് സേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡിജിപി ആയിരുന്ന ശ്രീലേഖ സ്വന്തം സഹപ്രവർത്തകർക്കെതിരെ തെരുവിൽ ഇത്തരം മുദ്രാവാക്യം വിളിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് അടക്കമുള്ളവർ ശ്രീലേഖയ്‌ക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസിൽ ആദ്യഘട്ടത്തിൽ അഞ്ച് പ്രതികളും കണ്ടാലറിയാവുന്ന 50 പേരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ശ്രീലേഖയ്‌ക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിച്ചുനിന്നത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക റിപ്പോർട്ട് നൽകി കേസ് കൂടുതൽ ശക്തമാക്കിയത്. ഇതനുസരിച്ച് ആർ. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായുമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ മഴയെ അവഗണിച്ച് നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാണ് ഇവർക്കെതിരെ നടപടി വന്നിരിക്കുന്നത്.
അതേസമയം, പോലീസിനെതിരായ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ നേരത്തെ രംഗത്തെത്തിയിരുന്നു. താൻ സർവീസിൽ ഇരുന്നപ്പോഴും തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് പലപ്പോഴും മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്നും, നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെയുള്ള തന്റെ നിലപാട് ഇപ്പോഴും അത് തന്നെയാണെന്നുമാണ് അവർ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്. താൻ ഉന്നയിച്ച വിമർശനം വ്യക്തിപരമല്ലെന്നും, സേനയിലെ തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും അവർ കൂട്ടിച്ചേർത്തു.