
വാഷിംഗ്ടൺ ഡി.സി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ വംശജന്റെ അമേരിക്കൻ പൗരത്വം റദ്ദാക്കാൻ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പരാതി നൽകി. കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും തെറ്റായ വിവരങ്ങൾ നൽകിയുമാണ് ഇയാൾ പൗരത്വം നേടിയതെന്ന് ആരോപിച്ചാണ് ഹസ്സൻ ഷെർജിൽ ഖാനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്.
2013-ലാണ് ഇയാൾക്ക് യുഎസ് പൗരത്വം ലഭിച്ചത്. എന്നാൽ പൗരത്വത്തിനായി അപേക്ഷിക്കുന്ന സമയത്തും അതിനു മുൻപും ഇയാൾ ക്രൂരമായ ലൈംഗിക അതിക്രമങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു. 2007-ൽ ഓൺലൈൻ വഴിയാണ് ഇയാൾ 11 വയസ്സുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. വർഷങ്ങളോളം ഇന്റർനെറ്റ് വഴി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ദൃശ്യങ്ങൾ കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
2012-ൽ പെൺകുട്ടി താമസിച്ചിരുന്ന ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്ത ഇയാൾ, 15 വയസ്സുകാരിയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ സമയത്ത് ഖാന് 24 വയസ്സായിരുന്നു പ്രായം. 2015-ൽ ഇരയായ പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. 2016-ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഖാനെ 17 വർഷത്തെ തടവിന് ശിക്ഷിച്ചു. നിലവിൽ ജയിലിൽ കഴിയുന്ന ഇയാൾ 2029-ൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ.
പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ താൻ ഇതുവരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് സത്യപ്രസ്താവന നൽകിയത് വഴി ഇയാൾ സർക്കാരിനെ വഞ്ചിച്ചുവെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രെറ്റ് എ. ഷുമേറ്റ് പറഞ്ഞു. കുറ്റകൃത്യങ്ങൾ മറച്ചുവെച്ച് പൗരത്വം നേടുന്നത് വഴി ആർക്കും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ സർട്ടിഫിക്കറ്റ് റദ്ദാക്കാനും യുഎസ് പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റിലാകുന്ന സമയത്ത് ഇയാൾ ഒരു ഫിസിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.