Image

എൽ നിനോ ഭീഷണിയില്ല; കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ ലഭിക്കുമെന്ന് വിദഗ്ധർ

Published on 25 April, 2026
എൽ നിനോ ഭീഷണിയില്ല; കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ ലഭിക്കുമെന്ന് വിദഗ്ധർ

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കുമെന്ന സൂചനകളുമായി അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികൾ. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിന്റെ പ്രവചനപ്രകാരം മെയ് അവസാനത്തോടെ കാലവർഷം തെക്കേ ഇന്ത്യയിൽ എത്തിയേക്കും. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എങ്കിലും ഒരാഴ്ച മുൻകൂട്ടിയോ വൈകിയോ മഴ തുടങ്ങാൻ സാധ്യതയുണ്ടെന്നും, ജൂണിൽ തന്നെ മഴ തുടങ്ങണമെന്ന് നിർബന്ധമില്ലെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

​മഴയുടെ കൃത്യമായ വരവിനെക്കുറിച്ച് മെയ് ആദ്യമോ രണ്ടാം വാരമോ മാത്രമേ വ്യക്തത വരികയുള്ളൂ എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ശാസ്ത്രജ്ഞൻ എം.ജി. മനോജ് പറഞ്ഞു. ജൂണിൽ മഴ തുടങ്ങിയില്ലെങ്കിലും മധ്യ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ ഇത്തവണ മികച്ച മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ മഴ കുറഞ്ഞാലും സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും മഴ ലഭ്യത കുറയുമെന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.

​എൽ നിനോ പ്രതിഭാസം കാലവർഷത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകൾക്കിടയിലും, മെയ്-ജൂൺ മാസങ്ങളിൽ മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മോഡലുകൾ നൽകുന്ന സൂചന. കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളത്തിന്റെ അഭിപ്രായത്തിൽ, മെയ് പകുതിയോടെ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നത് മഴയ്ക്ക് അനുകൂലമാകും. ഓഗസ്റ്റ് മാസത്തോടെ എൽ നിനോയുടെ സ്വാധീനം ശക്തമാകാൻ സാധ്യതയുണ്ടെങ്കിലും, കാലവർഷത്തിന്റെ ആദ്യപകുതിയിൽ നല്ല തോതിൽ മഴ ലഭിക്കുമെന്നാണ് നിലവിലെ പ്രവചനം.

​അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാഹചര്യം തുടരുകയാണ്. പാലക്കാട് (39.7°C), പുനലൂർ (38.6°C), കോഴിക്കോട് (38°C) എന്നിങ്ങനെ വിവിധ ജില്ലകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. മാർച്ച് 16 മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ 33 ഉഷ്ണതരംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് മാസത്തിൽ സാധാരണയിൽ കൂടുതൽ പ്രീ-മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ അറിയിച്ചു. നിലവിലെ സാഹചര്യം കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ഞായറാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക