
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയിലെ മുസ്ലീങ്ങളിൽ 99.9 ശതമാനവും ഹൈന്ദവ പാരമ്പര്യമുള്ളവരാണെന്നും അവർ ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബാളെ അഭിപ്രായപ്പെട്ടു. ആരാധനാ രീതികളിൽ മാറ്റം വന്നിട്ടുണ്ടാകാമെങ്കിലും അവരുടെ ദേശീയതയിലോ സാംസ്കാരിക വേരുകളിലോ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില രാഷ്ട്രീയ താല്പര്യങ്ങളും ഗൂഢാലോചനകളും കാരണം ഇടയ്ക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും, ഇതിനായി മുസ്ലീം നേതൃത്വവുമായി ആർഎസ്എസ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായ സംവാദങ്ങളിൽ ഏർപ്പെട്ടുവരികയാണെന്നും അമേരിക്കൻ സന്ദർശനത്തിനിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ചോദ്യത്തിന്, കിഴക്കൻ അതിർത്തി വഴിയുള്ള നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും ചില പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റവുമാണ് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മാറ്റങ്ങൾ സമൂഹത്തിൽ അനാവശ്യമായ പിരിമുറുക്കങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാൻഫോർഡ് യൂണിവേഴ്സിറ്റിയിലും ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലും നടന്ന കോൺഫറൻസുകളിൽ പങ്കെടുത്ത ഹൊസബാളെ, ആർഎസ്എസ് കഴിഞ്ഞ നൂറു വർഷമായി നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്രനിർമ്മാണത്തിൽ സംഘടനയുടെ പങ്കിനെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യയെക്കുറിച്ചും ആർഎസ്എസിനെക്കുറിച്ചും വിദേശ രാജ്യങ്ങളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നേരിട്ടുള്ള ആശയവിനിമയത്തിലൂടെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.