
തൃശ്ശൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മീൻപിടുത്ത വലയിൽ കുരുങ്ങി ദാരുണമായി മരിച്ചു. വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശിയായ അച്ചു, ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബിപിഒ) ഒന്നാം വർഷ വിദ്യാർഥിയാണ്. പഠനാവശ്യത്തിനായി സുഹൃത്തുക്കൾക്കൊപ്പം വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. വല്ലക്കുന്നിലെ ചെമ്മീൻചാലിനരികിലുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു അച്ചു. എന്നാൽ, വെള്ളത്തിൽ ഇറങ്ങിയ ഉടൻ തന്നെ മീൻപിടുത്ത വലയിൽ അച്ചു കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്തൽ വശമില്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
സംഭവം അറിഞ്ഞയുടൻ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും അച്ചുവിനെ രക്ഷിക്കാനായില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെഎസ്ആർടിസി റിട്ട. ഡ്രൈവർ പരേതനായ മണിയുടെയും സുനിതയുടെയും മകനാണ് അച്ചു.