Image

മുണ്ടത്തിക്കോട് ദുരന്തം: പാവറട്ടി പള്ളി തിരുനാൾ വെടിക്കെട്ട് ഉപേക്ഷിച്ചു

Published on 25 April, 2026
മുണ്ടത്തിക്കോട് ദുരന്തം: പാവറട്ടി പള്ളി തിരുനാൾ വെടിക്കെട്ട് ഉപേക്ഷിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാവറട്ടി പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കാൻ പള്ളി അധികൃതർ തീരുമാനിച്ചു. ഹൈക്കോടതി വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിരുന്നുവെങ്കിലും, ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ടാണ് മാനുഷികമായ ഈ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തിരുനാൾ ആഘോഷങ്ങൾ നിശ്ചയിച്ച പ്രകാരം ആചാരപരമായ ചടങ്ങുകളോടെ നടക്കും.

​വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് തിരുനാൾ ആഘോഷങ്ങൾ. ശനിയാഴ്ച രാവിലെ നടക്കുന്ന കുർബാനയ്ക്ക് ശേഷം നേർച്ചയൂട്ട് നടക്കും. വൈകിട്ട് 5.30-ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കൽ എന്നിവ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് രാത്രി എട്ടിന് തിരുനാൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തിരുനടക്കൽ മേളവും വരവേൽപ്പ് ചടങ്ങുകളും നടക്കും.

​ഞായറാഴ്ച പുലർച്ചെ 4.30 മുതൽ വൈകുന്നേരം ഏഴ് വരെ ദേവാലയത്തിൽ തുടർച്ചയായ പാട്ടുകുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 10-ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രൗഢമായ ആചാരച്ചടങ്ങുകളോടെ ഇത്തവണത്തെ തിരുനാൾ പൂർത്തിയാക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക