
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ ഫെഡറൽ കുറ്റവാളികളുടെ വധശിക്ഷ വേഗത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി 'ഫയറിംഗ് സ്ക്വാഡ്' രീതി കൂടി ഉൾപ്പെടുത്തി ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉത്തരവിറക്കി. ട്രംപ് ഭരണകൂടം വധശിക്ഷാനടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്.
ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് 13 വധശിക്ഷകൾ നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന 'പെന്റോബാർബിറ്റൽ' എന്ന മരുന്നിന്റെ ഉപയോഗം പുനഃസ്ഥാപിക്കാനും തീരുമാനമായി. അനാവശ്യ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ബൈഡൻ ഭരണകൂടം ഈ മരുന്നിന്റെ ഉപയോഗം നിരോധിച്ചിരുന്നു. ബൈഡൻ ഭരണകൂടം ഫെഡറൽ വധശിക്ഷകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നിലവിൽ 44 പ്രതികൾക്കെതിരെ വധശിക്ഷ തേടാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
ഭീകരർ, കുട്ടികളെ കൊലപ്പെടുത്തിയവർ, പോലീസ് ഉദ്യോഗസ്ഥരെ വധിച്ചവർ തുടങ്ങിയ അപകടകാരികളായ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ മുൻ ഭരണകൂടം പരാജയപ്പെട്ടു എന്നും ട്രംപിന്റെ നേതൃത്വത്തിൽ നിയമം കർശനമായി നടപ്പാക്കുകയും ഇരകൾക്കൊപ്പം നിൽക്കുകയും ചെയ്യുമെന്നും ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ പ്രസ്താവനയിൽ പറഞ്ഞു.
ഐഡഹോ, മിസിസിപ്പി, ഒക്ലഹോമ, സൗത്ത് കരോലിന, യൂട്ടാ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിൽ ഫയറിംഗ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാൻ അനുമതിയുണ്ട്. എന്നാൽ ഫെഡറൽ തലത്തിൽ ഈ രീതി ഇതിനുമുമ്പ് ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനുപുറമെ ഇലക്ട്രോക്യൂഷൻ, നൈട്രജൻ ഗ്യാസ് തുടങ്ങിയ രീതികളും വധശിക്ഷയ്ക്കായി ഉപയോഗിക്കാൻ നിലവിൽ ചില സംസ്ഥാനങ്ങളിൽ അനുവാദമുണ്ട്.