
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അതീവ അപകടകരമായ രീതിയിൽ താഴ്ന്നു പറത്തിയ സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി എഡിജിപിയുടെ റിപ്പോർട്ട്. കോസ്റ്റ് ഗാർഡ് ആണെന്നതുകൊണ്ട് മാത്രം ഈ സംഭവത്തെ ലഘൂകരിക്കാനാകില്ലെന്നും, വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഹെലികോപ്റ്റർ പറത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ വട്ടമിട്ടു പറന്നത്.
ക്ഷേത്രത്തിലെ കൊടിമരത്തിന് തൊട്ടുമുകളിൽ ഏകദേശം അഞ്ച് മീറ്റർ മാത്രം ഉയരത്തിലാണ് ഹെലികോപ്റ്റർ എത്തിയത്. മുപ്പത് സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതായും സംശയിക്കുന്നു. ക്ഷേത്രത്തിന് മുകളിലൂടെ ഇത്തരത്തിൽ പറക്കേണ്ട യാതൊരു ആവശ്യകതയുമില്ലായിരുന്നെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. പൊന്നമ്പലമേടിൽ 200 മീറ്ററിൽ താഴെ ഹെലികോപ്റ്ററുകൾ പറത്താൻ പാടില്ലെന്ന കർശനമായ സുരക്ഷാ നിർദ്ദേശം നിലനിൽക്കെയാണ് ഈ നിയമലംഘനം നടന്നത്.
സംഭവം അതീവ ഗൗരവകരമായി കണ്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയെ (എസ്പി) ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളിനോടും (ATC) പൊലീസ് വിശദീകരണം തേടും. ശബരിമലയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതിനാലാണ് വിഷയത്തിൽ കർശന നടപടികളിലേക്ക് അധികൃതർ നീങ്ങിയത്.