Image

സൂര്യാഘാതവും പാമ്പുകടിയും ഭീഷണി; വെല്ലുവിളികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ, ഉന്നതതല യോഗം ഇന്ന്

Published on 25 April, 2026
സൂര്യാഘാതവും പാമ്പുകടിയും ഭീഷണി; വെല്ലുവിളികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ, ഉന്നതതല യോഗം ഇന്ന്

​സംസ്ഥാനത്ത് വർധിച്ചുവരുന്ന താപനിലയും പാമ്പുകടി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള തുടർനടപടികൾ യോഗം ചർച്ച ചെയ്യും.

​അതേസമയം, സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രിയും, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തിയേക്കും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയും വരെ താപനില ഉയരുമെന്നാണ് പ്രവചനം. ഞായറാഴ്ച വരെ ഈ സാഹചര്യം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

​ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും. ഇതിനിടെ, സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക