
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നയിക്കുന്ന സംഘത്തിനു പറയാനുള്ള കാര്യങ്ങൾ 'കേൾക്കാൻ' യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരെ ഇസ്ളാമാബാദിലേക്കു അയക്കുന്നുവെന്നു വൈറ്റ് ഹൗസ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പോകുന്നില്ല.
വെള്ളിയാഴ്ചയാണ് അറാഗ്ചി നയിക്കുന്ന സംഘം ഇസ്ളാമാബാദിൽ എത്തിയത്. അവർ പിന്നീട് മോസ്കോയിലേക്കും മസ്‌കറ്റിലേക്കും പറക്കും.
ഇസ്ളാമാബാദിൽ ഔദ്യോഗിക ചർച്ച ആരംഭിക്കുന്നതിനു മുൻപ് ആശയവിനിമയം നടത്താനാണ് ഈ യാത്രകൾ. ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധമാണ് ചർച്ചകളിൽ കീറാമുട്ടിയാവുന്നതെന്നു സൂചനയുണ്ട്. ഇറാന് ദിവസേന $500 മില്യൺ നഷ്ടം വരുന്ന ഉപരോധത്തിൽ അയവ് വരുത്തില്ലെന്നാണ് അതൊരു ആയുധമാക്കിയ ട്രംപിന്റെ നിലപാട്.
"ഇറാന് സംസാരിക്കാൻ ആഗ്രഹമുണ്ട്," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പറഞ്ഞു. "അവർക്കു നേരിട്ട് സംസാരിക്കണം. അതു കൊണ്ട് സ്റ്റീവും ജാറെഡും അവിടേക്കു പോകും.
"നയതന്ത്രത്തിനു ഇടം നൽകാൻ പ്രസിഡന്റ് എപ്പോഴും തയാറാണ്."
കഴിഞ്ഞ രണ്ടു ദിവസത്തിൽ ഇറാന്റെ സമീപനത്തിൽ ചില പുരോഗതി കണ്ടുവെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ അവർ നിർദേശങ്ങൾ വല്ലതും നൽകിയോ എന്നു ലെവിറ്റ് വ്യക്തമാക്കിയില്ല.
വാൻസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും വാഷിംഗ്‌ടണിൽ തന്നെ ഉണ്ടാവും. ആവശ്യമെന്നു തോന്നിയാൽ മാത്രം ട്രംപ് അവരെ അയക്കുമെന്നു ലെവിറ്റ് പറഞ്ഞു.
Trump sends envoys to Islamabad