
കോഴിക്കോട് ചാലിയം കടവിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ സൂക്ഷിച്ചിരുന്നത്. ഒരു ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ പൂഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും ഇവ ബോംബുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും, ഇതിനു സമാനമായി സമീപപ്രദേശങ്ങളിൽ കൂടുതൽ ബോംബുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.