
കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) അറസ്റ്റിലായി. ഐപിഎൽ മത്സരത്തിൽ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടതിലുള്ള ദേഷ്യം തീർക്കാനാണ് താൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഈ കല്ലേറിൽ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യ (22) എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മഹേന്ദ്രസിങ് ധോണിയുടെ കടുത്ത ആരാധകനായ പ്രതി, മത്സരത്തിൽ ടീം തോറ്റതോടെ വീട്ടിൽ വഴക്കുണ്ടാക്കി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് റെയിൽവേ പാളത്തിനരികിലെത്തി ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. നേരത്തെ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പത്ത് മാസം ജയിൽവാസം അനുഭവിച്ചിട്ടുള്ള കൃഷ്ണകുമാർ, സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 30-നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ ആക്രമണമുണ്ടായത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിന് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ യുവതിയുടെ ഇടതുവശത്തെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ചുണ്ടിന് സാരമായ മുറിവേൽക്കുകയും ചെയ്തിരുന്നു.