
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിലെ വിവാദമായ മതപരിവർത്തന, ലൈംഗിക പീഡനക്കേസുകളിൽ നിർണായക പങ്കുവഹിച്ചതെന്ന് ആരോപിക്കപ്പെടുന്ന നിദ ഖാനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ആകെ ഒമ്പത് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ള 21-നും 30-നും ഇടയിൽ പ്രായമുള്ള വനിതാ ജീവനക്കാർ പരാതികളുമായി രംഗത്തെത്തിയതോടെയാണ് നാസിക് ടിസിഎസ് ഓഫീസിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസിലെ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായത്.
അതിനിടെ, താൻ ഗർഭിണിയാണെന്നും അതിനാൽ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ നാസിക്കിലെ പ്രാദേശിക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ഇവരുടെ അറസ്റ്റ് തടയാൻ കോടതി ഇതുവരെ ഉത്തരവിട്ടിട്ടില്ല. ഹർജി ഈ മാസം 27-ന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ നിദയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് സംഘം തുടരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.