Image

പേരും ജനന തീയതിയും മാറ്റി അമേരിക്കൻ പൗരത്വം നേടി; ഒടുവിൽ വിരലടയാളം ചതിച്ചു, ഇന്ത്യൻ വംശജന്റെ പൗരത്വം റദ്ദാക്കി

Published on 22 April, 2026
പേരും ജനന തീയതിയും മാറ്റി അമേരിക്കൻ പൗരത്വം നേടി; ഒടുവിൽ വിരലടയാളം ചതിച്ചു, ഇന്ത്യൻ വംശജന്റെ പൗരത്വം റദ്ദാക്കി

വാഷിംഗ്ടൺ: വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജന്റെ പൗരത്വം ഫെഡറൽ കോടതി റദ്ദാക്കി. ഗുർദേവ് സിംഗ് സോഹൽ എന്നയാളുടെ പൗരത്വമാണ് ഇമിഗ്രേഷൻ തട്ടിപ്പും തിരിച്ചറിയൽ രേഖകളിൽ കൃത്രിമം കാണിച്ചതും തെളിഞ്ഞതിനെത്തുടർന്ന് കോടതി റദ്ദാക്കിയത്.  ബൂട്ടാ സിംഗ് സുന്ദു എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.
 

1994-ൽ ദേവ് സിംഗ് എന്ന പേരിൽ അമേരിക്കയിൽ കഴിഞ്ഞിരുന്ന ഇയാളെ നാടുകടത്താൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ രാജ്യം വിടുന്നതിന് പകരം പുതിയ പേരും ജനന തീയതിയും യുഎസ് പ്രവേശന തീയതിയും ഉൾപ്പെടെ മാറ്റി പുതിയൊരു വ്യക്തിയായി ഇയാൾ അമേരിക്കയിൽ തുടരുകയായിരുന്നു. സോഹൽ എന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് 2005-ൽ അമേരിക്കൻ പൗരത്വവും നേടിയെടുത്തു. തന്റെ പഴയകാല ഇമിഗ്രേഷൻ ചരിത്രവും നാടുകടത്തൽ ഉത്തരവും ഇയാൾ അധികൃതരിൽ നിന്ന് മറച്ചുവെച്ചു.

2020-ൽ വിരലടയാളം പരിശോധിച്ചപ്പോഴാണ് ദേവ് സിംഗും ഗുർദേവ് സിംഗും ഒരാൾ തന്നെയാണെന്ന് അധികൃതർ കണ്ടെത്തിയത്. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് നിയമവിരുദ്ധമായി പൗരത്വം നേടിയത് വഴി ഇയാൾക്ക്  സ്വഭാവസംശുദ്ധി ഇല്ലെന്നും അതുകൊണ്ടുതന്നെ പൗരത്വം നൽകാൻ സാധിക്കില്ലെന്നും കോടതി കണ്ടെത്തി.

അമേരിക്കൻ പൗരത്വത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിൽ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നതിന് ഈ കേസ് തെളിവാണെന്ന്  ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രെറ്റ് എ. ഷുമേറ്റ് അഭിപ്രായപ്പെട്ടു. 2025 ജനുവരി 20-ന് ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഫയൽ ചെയ്യുന്ന ഒമ്പതാമത്തെ ഡിനാച്ചുറലൈസേഷൻ (പൗരത്വം റദ്ദാക്കൽ) കേസാണിത്. ഇമിഗ്രേഷൻ തട്ടിപ്പുകൾ തടയാൻ ഹോംലാൻഡ് സെക്യൂരിറ്റിയും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക