Image

ഏദനിലെ താമസക്കാർ (നോവല്‍-12 : ലൈല അലക്‌സ്)

Published on 21 April, 2026
ഏദനിലെ താമസക്കാർ (നോവല്‍-12 : ലൈല അലക്‌സ്)

വാതിൽ തുറന്നതു സുഭദ്ര ആയിരുന്നു. അച്ചനെയും സാറാക്കുട്ടിയേയും സ്വീകരണ മുറിയിലേക്ക് ആനയിച്ചതും അവൾ തന്നെ ആയിരുന്നു. അച്ചനെ അവിടെ ഇരുത്തിയിട്ടു സാറാക്കുട്ടി അകത്തേക്ക് നടന്നു. രാജീവൻ ആരോടോ കയർത്തു സംസാരിക്കുന്നതു അവർക്കു കേൾക്കാമായിരുന്നു. അവർ ചെവി വട്ടം പിടിച്ചു.
'ഇപ്പോഴാണോ ഇത് പറയുന്നത്? നീ എന്തുകൊണ്ട് എനിക്ക് ഫോൺ ചെയ്തില്ല?' രാജീവൻറെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. 'പോലീസിൽ അറിയിച്ചേ പറ്റൂ...'
'വേണ്ടാ. എനിക്ക് പേടിയാ രാജീവാ.' വനജയുടെ ശബ്ദം ദീനമായിരുന്നു. സ്റ്റെയർകേസിൻറെ ചുവട്ടിൽ സാറാക്കുട്ടി അന്ധാളിച്ചു നിന്നുപോയി
'നീ എന്ത് മണ്ടത്തരമാ ഇപ്പറയുന്നത്?’ വീണ്ടും രാജീവൻറെ  ശബ്ദം...
മുകളിലത്തെ മുറിയുടെ വാതിൽ ഊക്കോടെ തുറന്നടഞ്ഞു. രാജീവൻ സ്റ്റെയർകേസിറങ്ങി വന്നു. 
'എന്താ മോനേ? എന്താ ഉണ്ടായത്?' അവർ വിഷമത്തോടെ ചോദിച്ചു.
'മമ്മാ, വാ... പറയാം’. 
അപ്പോഴാണ് സ്വീകരണമുറിയിൽ ഇരിക്കുന്ന അച്ചനെ രാജീവ് കണ്ടത് .
'വാ... അച്ചനും അറിയട്ടെ...' രാജീവൻ സ്വീകരണമുറിയിലേക്കു നടന്നു. 
'എന്താ മോനേ?' സാറാക്കുട്ടിയ്ക്കു ആകാംക്ഷ അടക്കാനായില്ല. 
'ഇന്ന് രാവിലെ വനജ തനിയെ പുറത്തുപോയിരുന്നു. അപ്പോൾ ഉണ്ടായതു അവൾ തന്നെ പറയും' 
അയാൾ മുകളിലേക്ക് നോക്കി വിളിച്ചു: 'വനജാ…’  
'അവൾ തനിച്ചു പുറത്തു പോയോ?' സാറാക്കുട്ടി അദ്ഭുതം കൂറി. 
എന്നിട്ടു തിരിഞ്ഞു അച്ചനോടായി പറഞ്ഞു. 'കുറച്ചു നാളുകൾക്കു മുൻപ് അവൾ ഷോപ്പിംഗിനു പോയി വരുമ്പോൾ ആരോ പേഴ്സ് പിടിച്ചുപറിച്ചു.  ഉന്തിത്തള്ളിനിടയിൽ അവൾ താഴെവീണു, തല പൊട്ടുകയും ഒക്കെ ചെയ്തു. അത് കഴിഞ്ഞു അവൾ ഒരിടത്തും തനിയെ പോകാറില്ല.'  
വനജ സ്വീകരണമുറിയിലേക്കു വന്നു രാജീവൻറെ അടുത്തായി ഇരുന്നു.  ആകെപ്പാടെ പേടിച്ചരണ്ട മട്ടിലായിരുന്നു അവൾ. 
'എന്താ മോളേ... എന്താ ഉണ്ടായത്?' അച്ചൻ ചോദിച്ചു. 
രാവിലെ നടന്ന സംഭവം വനജ അവരോടു വിസ്തരിച്ചു പറഞ്ഞു. പാർക്കിംഗ് ലോട്ടിൽ വെച്ച് കഴുത്തിൽ മുറുകിയ കൈകൾ... ഒന്നോ രണ്ടോ മിനുട്ടുകൾ കൂടി മതിയായിരുന്നു ജീവൻ പോകാൻ... ഏതോ ഭാഗ്യത്തിന്.... അയാൾ പിടി വിട്ടു. 
വനജ സ്വന്തം കഴുത്തിൽ തലോടി. തോളിലൂടെ പുതച്ചിരുന്ന ഷോൾ ഒന്നുകൂടി ചേർത്തുപുതച്ചു. എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കിതക്കുന്നുണ്ടായിരുന്നു.
'അയാൾ കയറിപ്പോയ കാറിൻറെ നമ്പറോ മോഡലോ ഒന്നും അവൾ ശ്രദ്ധിച്ചില്ല. ഒന്ന് ഒച്ചവെക്കുക പോലും ചെയ്യാൻ കഴിഞ്ഞില്ല എന്ന്...' രാജീവൻ പറഞ്ഞു.
'ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു എന്നോടുപോലും പറഞ്ഞില്ല. ഇപ്പോൾ വൈകിട്ട് വന്നപ്പോളാണ് പറയുന്നത്..' രാജീവന് അമർഷം അടക്കാൻ കഴിയുന്നില്ല,
'അത് കൊള്ളാം.... അതെന്താ മോളെ... നീ ആരെയും വിളിക്കുകയോ, പറയുകയോ ചെയ്യാഞ്ഞത്?'
'മമ്മാ... ഐ വാസ് സോ സ്കെയേഡ്... എനിക്ക് ഒന്നിനും കഴിഞ്ഞില്ല. എങ്ങനെയാ ഇവിടെവരെ വന്നു പറ്റിയത് എന്ന് പോലും എനിക്കറിയില്ല.'
'അത് പോട്ടെ. ഇനിയെങ്കിലും പോലീസിൽ അറിയിക്കേണ്ടേ? അതും വേണ്ടെന്നാണ് പറയുന്നത്...’ രാജീവൻ പറഞ്ഞു
‘കാറിൻറെ നമ്പറും മറ്റും…. അവിടെ സിസി ടിവി ക്യാമറകൾ കാണുമല്ലോ. അതിൽ നിന്ന് അതൊക്കെ കണ്ടുപിടിക്കാവുന്നതേയുള്ളൂ...' 
'ആ പാർക്കിംഗ് ലോട്ടിൽ അപ്പോൾ സുമയും ബീനയും ഉണ്ടായിരുന്നില്ലേ? അവർ കണ്ടു കാണുമല്ലോ. നമുക്ക് അവരോടു ചോദിക്കാം അത്തരം ഡീറ്റെയിൽസ്?' സാറാക്കുട്ടി പറഞ്ഞു. 
'സുമയും ബീനയുമോ? ഞാൻ കണ്ടില്ലല്ലോ...' വനജ അദ്ഭുതപ്പെട്ടു.
'ഇല്ല... അവിടെ ആരും ഉണ്ടായിരുന്നില്ല.' വനജ പറഞ്ഞു. 
'ഞങ്ങൾ ഇപ്പോൾ അവരെ കണ്ടിട്ടാ വരുന്നത്. നിന്നെ പല പ്രാവശ്യം വിളിച്ചി ട്ടും, നീ കാണാത്ത മട്ടിൽ പോയി എന്നാ അവർ പറഞ്ഞതു'
'ഇല്ല ആരും അവിടെ ഉണ്ടായിരുന്നില്ല എനിക്ക് ഉറപ്പാണ്...' വനജ തീർത്തു പറഞ്ഞു. 
സാറാക്കുട്ടിയും അച്ചനും എന്താണ് വിശ്വസിക്കേണ്ടത് എന്ന് അറിയാതെ പരസ്പരം  നോക്കി. 
'ഒരു പക്ഷെ... അക്രമി പോയിക്കഴിഞ്ഞായിരിക്കും അവർ വന്നത്... എന്നാലും ആ സമയം അവിടുന്ന് പോയ കാർ അവർ ശ്രദ്ധിച്ചിരിക്കണം...' രാജീവൻ പറഞ്ഞു. 'നമുക്ക് അവരോടു ചോദിക്കാമല്ലോ. അത് പ്രയാസം ഉള്ള കാര്യമൊന്നും അല്ലല്ലോ’
'വേണ്ടാ... ആരോടും ചോദിക്കേണ്ടാ... ആരും അറിയുകയും വേണ്ടാ... എനിക്ക് പേടിയാ രാജീവാ...'  
വനജ കരച്ചിലിൻറെ വക്കത്ത് എത്തിയിരുന്നു.
'ഇതാണ് എനിക്ക് മനസിലാകാത്തത്.... വെറുതെ ഒരു പോക്കറ്റടിയോ, പിടിച്ചുപറിയോ എന്ന് കരുതാവുന്നതല്ലാ ഇത്. ആരെങ്കിലും അപകടപ്പെടുത്താൻ ശ്രമിച്ചതാണെങ്കിലോ? '
'എന്തിനാ നീ തനിച്ചു പോയത്? ഡ്രൈവർ വരുന്നത് വരെ വെയിറ്റ് ചെയ്യാൻ കഴിയാത്ത എന്ത് ഷോപ്പിംഗ് ആയിരുന്നു? അല്ലെങ്കിൽ, നിനക്ക് മമ്മയെ കൂടെകൂട്ടികൂടായിരുന്നോ?'
രാജീവനു ദേക്ഷ്യം അടക്കാനാവുന്നുണ്ടായിരുന്നില്ല. 
'എന്തെങ്കിലും പറ്റിയാൽ എന്ത് ചെയ്യും? അന്നേരം എല്ലാവരും എന്നെയേ കുറ്റം പറയൂ...'
'അതിരിക്കട്ടെ നീ ഏതു ഷോപ്പിലായിരുന്നു പോയത്? ആരെങ്കിലും അവിടുന്ന് നിൻറെ പിറകെ കൂടിയതാണെങ്കിൽ അവിടുത്തെ സി സി ടിവി യിലും കാണുമായിരിക്കും...' രാജീവൻ പറഞ്ഞു .
'അത്... അത്...' വനജ വിക്കി. 'പ്ലീസ്... രാജീവൻ. എനിക്ക് ഇത്തിരി സ്വൈരം  തരൂ. ഐ കാൻട് തിങ്ക് സ്ട്രെയ്റ്റ് ...'
'വനജ.... സ്റ്റോപ്പ് ദിസ് നോൺസെൻസ്... നീ എന്താ ചില വിവരമില്ലാത്ത പിള്ളേരെപ്പോലെ... ടൈം ഈസ് ഇമ്പോർട്ടന്റ് എന്ന് നിനക്ക് അറിഞ്ഞുകൂടേ? ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ, നാല് ദിവസം കഴിഞ്ഞല്ലാ പോലീസിനെ വിളിക്കേണ്ടത്. എത്രയും പെട്ടെന്ന് അവരെ അറിയിച്ചാലേ അവർക്കു എന്തെങ്കിലും ചെയ്യാൻ പറ്റൂ...' 
കൈകൾ കൊണ്ട് ചെവി പൊത്തി  വനജ ചാടി എഴുന്നേറ്റു. 'എനിക്ക് കേൾക്കേണ്ടാ... എന്തെങ്കിലും ചെയ്തോളൂ...' 
അവൾ മുറി വിട്ടിറങ്ങിപ്പോയി. പോകുന്ന പോക്കിൽ അവൾ  സാറാക്കുട്ടിയോടും അച്ചനോടുമായി പറഞ്ഞു. 'മമ്മാ ഐ ആം സോറി. ഐ കനോട് ഡീൽ വിത്ത് ദിസ്....'
'രാജീവാ അവൾ വല്ലാതെ അപ്സെറ്റ് ആയിരിക്കുന്നു. കുറച്ചു റെസ്റ്റ്  ചെയ്യട്ടെ...'  അച്ചൻ രാജീവനോട് പറഞ്ഞു.  
'എങ്ങനെ ദേക്ഷ്യം വരാതെയിരിക്കും? രാവിലെ നടന്ന സംഭവം വൈകിട്ട് ഞാൻ വന്നപ്പോഴാണ് അറിയുന്നത്.... പോലീസിൽ അറിയിക്കുന്നതിന്  ഇവൾ എന്തിനാണ് എതിര് പറയുന്നത്?' രാജീവൻ ചോദിച്ചു.
കുറച്ചു നേരം അവർ മറ്റു കാര്യങ്ങൾ പറഞ്ഞിരുന്നു. അടുത്തുള്ള പാർക്കിൽ കളിയ്ക്കാൻ പോയിരുന്ന കുട്ടികൾ അപ്പോഴാണ് വന്നു കയറിയത്.
'ഹായ്... അച്ചനപ്പച്ചൻ...'
'വാ… വാ. രണ്ടുപേരും ഇങ്ങു വന്നേ...' അച്ചൻ അവരെ അടുത്തേക്ക് വിളിച്ചു. 
'ദേ നിനക്ക് ഒരു കുട്ട ഓറഞ്ച് കൊണ്ടുവന്നിട്ടുണ്ട്... മറയൂരെ സ്പെഷ്യൽ...' അച്ചൻ വിനയിനോട് പറഞ്ഞു. 
'എനിക്കോ?' വിനീത ചോദിച്ചു. 
'നിന്നെ മറന്നിട്ടൊന്നുമില്ല. നിൻറെ സ്പെഷ്യൽ തേനും ഉണ്ട്. സുഭദ്ര എല്ലാം കൊണ്ട് അകത്തു വെച്ചിട്ടുണ്ട്. മമ്മി എടുത്തു തരും രണ്ടുപേർക്കും'
കുട്ടികൾ സന്തോഷത്തോടെ തലയാട്ടി.
'കളി കഴിഞ്ഞു വന്നതല്ലേ? പോയി കുളിച്ചു വേഷം മാറി, ഹോം വർക്ക് ചെയ്യേണ്ടേ?' സാറാക്കുട്ടി അകത്തേക്ക് നോക്കി വിളിച്ചു. 'സുഭദ്രേ...' 
എന്നിട്ട് കുട്ടികളോടായി പറഞ്ഞു 
'മമ്മിയ്ക്കു തലവേദനയാ. സുഭദ്ര കുളിപ്പിക്കും...'
'ഞാൻ തന്നെയാ കുളിക്കുന്നത്...' വിനയ് പറഞ്ഞു. 
'ആയിക്കോട്ടെ... മോളെ സുഭദ്ര കുളിപ്പിക്കും...'
'വേണ്ടാ... എന്നെ അമ്മച്ചി കുളിപ്പിച്ചാൽ മതി...' വിനീത സാറാക്കുട്ടിയുടെ ദേഹത്തേക്ക് ഒട്ടിക്കൊണ്ടു പറഞ്ഞു. 
'മോളെ...അമ്മച്ചിക്കും അപ്പച്ചനും വേറെ ഒരുപാടു സ്ഥലത്തു പോകാനുള്ളതാ. ഇപ്പോൾ സമയം ഇല്ല. അതുമല്ല അമ്മച്ചിയുടെ സാരി എല്ലാം നനയും. അതുകൊണ്ടു സുഭദ്ര കുളിപ്പിക്കും'
'എന്നാൽ ഞാൻ ഇന്ന് കുളിക്കുന്നില്ല...' വിനീത പ്രഖ്യാപിച്ചു. 
'ചുറ്റിയല്ലോ കർത്താവേ.... സുഭദ്രേ എനിക്ക് മാറാൻ ഒരു നൈറ്റി ഇങ്ങെടുത്തോ. ഇവളെ ഇനി കുളിപ്പിക്കാതെ പോകാൻ പറ്റില്ലല്ലോ...' സാറാക്കുട്ടി എഴുന്നേറ്റു…
'വാശിക്കാരിയാ അല്ലേ?' അച്ചൻ ചിരിച്ചു. 
'മമ്മ ഒരാളാണ് ഇവളെ ഇത്ര വഷളാക്കുന്നത്...' രാജീവൻ പറഞ്ഞു. 
'നീ പോടാ... പിള്ളാർക്ക് ഇത്തിരി വാശിയൊക്കെ വേണം...'
'ആയിക്കോട്ടെ. ചെല്ല്... കുളിപ്പിച്ച്, ഊണ് കൊടു ത്ത്, ഉറക്കിയിട്ടൊക്കെ പോയാൽ മതി...' രാജീവൻ തല കു ലുക്കി.
കുട്ടികൾ സാറാക്കുട്ടിയുടെ കൂടെ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോകുന്നത് നോക്കിയിരുന്നു അച്ചനും രാജീവനും.

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക