Image

ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾക്ക് ഫലം കിട്ടിയില്ല ; ​സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും രൂക്ഷ വിമർശനം, ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പൊട്ടിത്തെറി

Published on 21 April, 2026
ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾക്ക് ഫലം കിട്ടിയില്ല ; ​സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും രൂക്ഷ വിമർശനം,  ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പൊട്ടിത്തെറി

കൊല്ലം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന ബിജെപി മണ്ഡലതല വിശകലന യോഗങ്ങളിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം. പാർട്ടിയുടെ നയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്ത് താഴേത്തട്ടിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളും പരസ്യമായി രംഗത്തെത്തി. ഘടകകക്ഷികൾക്ക് അമിത പ്രാധാന്യം നൽകിയതും, സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതുമാണ് പ്രവർത്തകരുടെ കടുത്ത അതൃപ്തിക്ക് കാരണമായത്. ഈ തീരുമാനങ്ങൾ സംഘടനാ സംവിധാനത്തെ ദുർബലപ്പെടുത്തിയെന്ന് യോഗങ്ങളിൽ അഭിപ്രായമുയർന്നു.

​പ്രധാന ഘടകകക്ഷികളായ ബിഡിജെഎസിനെയും ട്വന്റി 20യെയും അരാഷ്ട്രീയ പ്രസ്ഥാനങ്ങളായാണ് പ്രാദേശിക നേതാക്കൾ വിശേഷിപ്പിച്ചത്. കോർപ്പറേറ്റ് കമ്പനികളെപ്പോലെ പ്രവർത്തനം നടത്തുന്ന ഇവരുടെ സ്ഥാനാർഥികളെ ചുമലിലേറ്റേണ്ടി വന്നത് പ്രവർത്തകർക്ക് വലിയ തിരിച്ചടിയായി. ബിജെപി പ്രവർത്തകർ കഠിനാധ്വാനം ചെയ്ത് വളർത്തിയെടുത്ത മണ്ഡലങ്ങൾ, രാഷ്ട്രീയ അടിത്തറയില്ലാത്ത ഇത്തരക്കാർക്ക് തീറെഴുതിക്കൊടുത്തത് പ്രവർത്തകരുടെ മനോവീര്യം തകർത്തുവെന്നും യോഗങ്ങളിൽ വിമർശനമുയർന്നു.

​സംസ്ഥാന നേതൃത്വം വലിയ അവകാശവാദങ്ങളോടെ നടപ്പിലാക്കിയ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾ തെരഞ്ഞെടുപ്പിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്ന് നേതാക്കൾ തുറന്നടിച്ചു. കേരളത്തെ ഒരു പരീക്ഷണശാലയായി കണക്കാക്കി ദേശീയ നേതൃത്വം നടപ്പിലാക്കുന്ന സർവേ അധിഷ്ഠിത സ്ഥാനാർഥി നിർണയം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലെന്നും അഭിപ്രായമുയർന്നു. പ്രാഥമിക പരിശോധന പോലും നടത്താതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും, പിന്നീട് സ്ഥാനാർഥിയെ മാറ്റേണ്ടി വന്നതും പാർട്ടിയെ നാണം കെടുത്തിയെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

​പല മണ്ഡലങ്ങളിലും സ്ഥാനാർഥികളില്ലാതെ ട്വന്റി 20 നേതാക്കൾ അലഞ്ഞതും, മുൻപ് ബിജെപി പുറത്താക്കിയവർ പിന്നീട് സ്ഥാനാർഥികളായി എത്തിയതും യോഗങ്ങളിൽ ചർച്ചയായി. രാഷ്ട്രീയബോധമില്ലാത്തവർക്ക് സീറ്റ് നൽകിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. ഘടകകക്ഷികൾക്ക് സീറ്റ് നൽകാൻ തീരുമാനിച്ചത് കേന്ദ്ര നേതൃത്വമാണെന്ന വിശദീകരണമാണ് യോഗങ്ങളിൽ പങ്കെടുത്ത സംസ്ഥാന നേതാക്കൾ നൽകിയത്. തങ്ങളുടെ ന്യായീകരണങ്ങൾ പ്രവർത്തകർക്കിടയിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക