Image

ജെഡിടി സ്‌കൂൾ വിവാദം: തഹ്ലിയക്കെതിരെ യുഡിഎഫ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തി; വിവരങ്ങള്‍ മറച്ചുവെച്ചതില്‍ വിമര്‍ശനം

Published on 21 April, 2026
ജെഡിടി സ്‌കൂൾ വിവാദം: തഹ്ലിയക്കെതിരെ യുഡിഎഫ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തി; വിവരങ്ങള്‍ മറച്ചുവെച്ചതില്‍ വിമര്‍ശനം

കോഴിക്കോട്: ജെഡിടി ഇസ്ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്‌ട്രോങ് റൂമിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. സ്റ്റോര്‍ റൂം തുറക്കുന്ന വിവരം വരണാധികാരി നേരത്തേ അറിയിച്ചിട്ടും, ആ കാര്യം യുഡിഎഫ്, ലീഗ് നേതൃത്വങ്ങളെ അറിയിക്കാതെ തഹ്ലിയ മൗനം പാലിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

​സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂം ഉദ്യോഗസ്ഥര്‍ തുറന്നതോടെ, സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് ഈ നടപടിയെന്നാരോപിച്ച് യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാവിലെ എട്ട് മണിക്ക് തന്നെ ഇക്കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് തഹ്ലിയ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിനോടും ഈ വിവരം പങ്കുവെക്കാതിരുന്ന തഹ്ലിയയുടെ നടപടി മുന്നണിയില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിരിക്കുകയാണ്.

​ജെഡിടി സ്‌കൂളിലെ പബ്ലിക് വ്യൂയിങ് സെന്ററിലെ സ്‌ക്രീനില്‍ ഉദ്യോഗസ്ഥര്‍ മുറി തുറക്കുന്നത് കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ വിവരം ജില്ലാ നേതാക്കളെ അറിയിക്കുകയായിരുന്നു. കളക്ടറെ ബന്ധപ്പെട്ടപ്പോഴാണ് പേരാമ്പ്ര മണ്ഡലം വരണാധികാരിക്ക് ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന മറുപടി ലഭിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

​സംഭവത്തില്‍ നേതൃത്വം അതൃപ്തി പരസ്യമാക്കിയതോടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി മുതല്‍ മുന്നണി നേതൃത്വവുമായി കൃത്യമായി കൂടിയാലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുത്താല്‍ മതിയെന്ന കര്‍ശന നിര്‍ദേശം ലീഗ് നേതൃത്വം തഹ്ലിയക്ക് നല്‍കിയതായാണ് വിവരം. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം നിര്‍ണ്ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക