
ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ പുതിയ സ്‌കൂളുകള്‍ ചേര്‍ക്കുന്നതിന് കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 2026 ജനുവരി 27ന് തുറന്ന പോര്‍ട്ടലില്‍ കേരളം ഇതുവരെ പുതിയ സ്‌കൂളുകള്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടല്ല. പദ്ധതിയിലേക്കുള്ള എട്ടാംഘട്ട അപേക്ഷ സ്വീകരിക്കുന്നതിന് പോര്‍ട്ടല്‍ തുറന്നുവെങ്കിലും കേരളം പട്ടിക നല്‍കിയിട്ടില്ല. പദ്ധതിയില്‍ ചേരാന്‍ കേരളത്തിന് താല്‍പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കേന്ദ്രം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര ശിക്ഷാ അഭിയാന്റെ ഭാഗമായി 99.27 കോടി രൂപ നല്‍കി എന്നാല്‍ അത് ചെലവഴിച്ചതിന്റെ കണക്ക് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. സ്‌പെഷ്യല്‍ സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിക്കുള്ള ഫണ്ട് കേന്ദ്രം നല്‍കിയില്ലെന്നായിരുന്നു ആരോപണം.