
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെത്തിയ കുടുംബം പ്രിന്‍സിപ്പലിനെ കാണാന്‍ വിസമ്മതിച്ച് മടങ്ങി. നിതിന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയും അപകടസ്ഥലവും സന്ദര്‍ശിക്കാനാണ് പിതാവും സഹോദരി ഭര്‍ത്താവും എത്തിയത്. 'മകനെ കൊന്നവരെ കാണേണ്ട' എന്ന നിലപാടിലായിരുന്നു പിതാവ്. സംഭവം ആത്മഹത്യയല്ലെന്നും എല്ലാവരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ലോണ്‍ ആപ്പിന്റെ പേരില്‍ അധ്യാപിക ലത നല്‍കിയ പരാതിയെത്തുടര്‍ന്ന് നിതിനെ കോളജില്‍ വെച്ച് വലിയ മാനസിക പീഡനത്തിനിരയാക്കിയെന്ന് സഹോദരി ഭര്‍ത്താവ് ആരോപിച്ചു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് നടന്ന വിചാരണയാണ് നിതിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. ഡോ. റാമും സംഗീതയും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാണെന്നും, ജാതി അധിക്ഷേപം അടക്കമുള്ളവ മറച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയിലും കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലോണ്‍ ആപ്പിന്റെ ഉടമകളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി സംസ്ഥാനവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷന്‍ കൗണ്‍സില്‍. 52 ദളിത് സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28-ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നും, സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്.