Image

ശബരിമല യുവതീപ്രവേശന കേസ്: വിശ്വാസികളുടെ യുക്തി അവിശ്വാസികൾ ചോദ്യം ചെയ്യേണ്ടെന്ന് സുപ്രീംകോടതി; നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്‌ന

Published on 21 April, 2026
ശബരിമല യുവതീപ്രവേശന കേസ്: വിശ്വാസികളുടെ യുക്തി അവിശ്വാസികൾ ചോദ്യം ചെയ്യേണ്ടെന്ന് സുപ്രീംകോടതി; നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്‌ന

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. വിശ്വാസികളുടെ ആചാരങ്ങളെയും അതിനു പിന്നിലെ യുക്തിയെയും അവിശ്വാസികള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി. വിശ്വാസികള്‍ യുക്തി നോക്കിയല്ല ആചാരങ്ങള്‍ പാലിക്കുന്നത്. വിശ്വാസമില്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

​ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്ത്രി കണ്ഠരരു രാജീവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വി. ഗിരി നടത്തിയ വാദങ്ങള്‍ക്കിടെയാണ് കോടതിയുടെ ഈ പരാമര്‍ശം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കാനാവില്ലെന്നും, വിശ്വാസികള്‍ അതീവ ഗൗരവത്തോടെയാണ് ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ത്തു. ഒരു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി നിന്നുകൊണ്ട്, യുക്തിക്ക് അപ്പുറത്താണ് വിശ്വാസികള്‍ ആചാരങ്ങള്‍ പിന്തുടരുന്നത്.

​ശബരിമലയിലെ ആചാരങ്ങള്‍ കേരളത്തിലെ ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തന്ത്രിക്ക് വേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതാണ് ഇവിടുത്തെ അടിസ്ഥാന വിശ്വാസം. യുവതി പ്രവേശന വിലക്ക് ഇവിടുത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണ മനസ്സോടെ പിന്തുടരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ തയ്യാറല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നു.

​ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്മാല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കപ്പുറം, ആരാധനാലയങ്ങളിലെ വിവേചനം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വിശാലമായ നിയമപ്രശ്നങ്ങളും ഈ ബെഞ്ച് പരിശോധിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക