
തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തുവയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. കുട്ടി മരുന്നുകളോടും ചികിത്സയോടും മികച്ച രീതിയില്‍ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അനോഷിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാമ്പുകടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ സഹോദരനാണ് അനോഷ്.
ആല്‍ജോയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തിലും വേദനയിലും കഴിയുന്ന കുടുംബത്തിന് അനോഷിന്റെ ആരോഗ്യനിലയിലുള്ള മാറ്റം വലിയ ആശ്വാസമാണ് പകരുന്നത്. ഇന്നലെ കണ്ണുതുറന്ന കുട്ടി, ചോദിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കുട്ടി പോസിറ്റീവ് ആയി പ്രതികരിക്കുന്നതോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. ഇതിനിടെ, ഇന്നലെയായിരുന്നു ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
അതിനിടെ, സംഭവത്തെത്തുടര്‍ന്ന് വീടിന്റെ പരിസരങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ആല്‍ജോയുടെ വീട്ടില്‍ നിന്ന് വീണ്ടും ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഉറങ്ങിക്കിടക്കുമ്പോള്‍ തലയണയ്ക്കടിയില്‍ കിടന്നിരുന്ന വിഷപ്പാമ്പാണ് രണ്ട് സഹോദരങ്ങളെയും കടിച്ചത്. വലിയ ദുഃഖത്തിനിടയിലും പ്രദേശവാസികളില്‍ ആശങ്കയും ഭീതിയും നിറയ്ക്കുകയാണ് ഈ സംഭവങ്ങള്‍.