
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പ്രാരംഭ ഘട്ടത്തില്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ സംസ്ഥാന നേതൃത്വം എതിർത്തിരുന്നില്ലെങ്കിലും, ഡല്‍ഹിയില്‍ നടന്ന ഉന്നതതല ചര്‍ച്ചകളോടെ നിലപാടില്‍ അപ്രതീക്ഷിത മാറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വിഭാഗീയതയ്ക്കും വഴിവെച്ചിരിക്കുകയാണ്.
തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോഴിക്കോട് എംപി എം.കെ. രാഘവന്‍ നേരിട്ട് രംഗത്തെത്തി. എംപിമാര്‍ക്ക് സീറ്റ് നല്‍കുന്നത് തടയാന്‍ സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം കരുനീക്കം നടത്തിയെന്നും, ഇത് വാഗ്ദാന ലംഘനവും ചതിയുമാണെന്നും അദ്ദേഹം ആരോപിച്ചു. തുടക്കത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ എം.കെ. രാഘവന് പച്ചക്കൊടി കാട്ടിയിരുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹി ചര്‍ച്ചകളോടെ നിലപാട് മാറ്റിയെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ചുപോരുന്ന മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അധിക സീറ്റുകള്‍ നേടുക എന്നതായിരുന്നു പ്രാരംഭ ചര്‍ച്ചകളിലെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി എലത്തൂര്‍, കോന്നി, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ്, കെ. സുധാകരന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഈ തന്ത്രം പിന്നീട് ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച് അട്ടിമറിക്കപ്പെടുകയായിരുന്നു.
ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ എംപിമാര്‍ മത്സരിക്കുന്നത് ഗുണകരമാകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലും അഭിപ്രായപ്പെട്ടെങ്കിലും വി.ഡി. സതീശന്‍ ഇതിനെ കടുപ്പിച്ചു എതിര്‍ത്തു. സിറ്റിങ് എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ തെരഞ്ഞെടുപ്പിന് ഇല്ലെന്ന് സതീശന്‍ നിലപാടെടുക്കുകയും, രമേശ് ചെന്നിത്തല അതിനെ പിന്തുണയ്ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ തീരുമാനമാകാതെ തുടരുകയാണ്.