Image

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയില്‍ വാദം തുടരുന്നു; സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് നിര്‍ണ്ണായകമാകും

Published on 21 April, 2026
ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയില്‍ വാദം തുടരുന്നു; സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് നിര്‍ണ്ണായകമാകും

​ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് ആറാം ദിവസത്തെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നടക്കുന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് നിര്‍ണ്ണായകമാകും. മുതിര്‍ന്ന അഭിഭാഷകരുടെ വാദം പൂര്‍ത്തിയായ ശേഷം, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ ഹാജരാകും.

​കേസില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടുള്ളത്. എന്നാല്‍, യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണമോ എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് വിഷയത്തില്‍ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

​അതേസമയം, തന്ത്രിയുടെ ഭാഗത്തുനിന്നും ശക്തമായ വാദങ്ങളാണ് ഉയരുന്നത്. ശബരിമലയിലെ പ്രായപരിധി അനിവാര്യമായ മതാചാരമാണെന്നും, കോടതിക്ക് വിശ്വാസത്തെ യുക്തി ഉപയോഗിച്ച് പരിശോധിക്കാനാവില്ലെന്നും തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ആചാരവിശ്വാസങ്ങളിലുള്ള ഇടപെടലുകള്‍ക്കെതിരെ രൂക്ഷമായ വാദങ്ങളാണ് എതിര്‍ഭാഗം ഉന്നയിക്കുന്നത്.

​കേസില്‍ കഴിഞ്ഞദിവസങ്ങളില്‍ ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, വി. ഗിരി തുടങ്ങിയ അഭിഭാഷകര്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വ്യക്തിയുടെ വിശ്വാസത്തെ വിലയിരുത്താനാവില്ലെന്ന സുപ്രീംകോടതിയുടെ മുന്‍ നിരീക്ഷണം ഈ കേസില്‍ ഏറെ പ്രസക്തമാണ്. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ പൂര്‍ത്തിയായാല്‍, ഈ ആഴ്ച തന്നെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളും കോടതി പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക