
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം വീണ്ടും ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ മൂന്നാം തവണയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ബോര്‍ഡ് മുന്‍ അംഗം അജികുമാറിനെയും എസ്‌ഐടി ഇന്നലെ വിളിപ്പിച്ചു മൊഴിയെടുത്തു. 2025-ല്‍ നടന്ന സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പ്രധാന പരിധി.
കഴിഞ്ഞ ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ അന്വേഷണം വീണ്ടും ഊര്‍ജിതമാക്കുന്നത്. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ച പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തതിലൂടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. 2025 സെപ്റ്റംബര്‍ എട്ടിന് സ്വര്‍ണ്ണപ്പാളികള്‍ പൂശാനായി കൊണ്ടുപോയ സമയത്ത് ചുമതലയിലുണ്ടായിരുന്ന തിരുവാഭരണം കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണ സംഘം ഇതിനകം ശേഖരിച്ചു കഴിഞ്ഞു.
സ്വര്‍ണ്ണം പൂശല്‍ ജോലികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത്. മുന്‍കാലങ്ങളിലെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് പ്രശാന്തിനെയും അജികുമാറിനെയും വീണ്ടും വിളിച്ചുവരുത്തിയത്.
അതേസമയം, കേസില്‍ അറസ്റ്റിലായിരുന്ന പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവരെല്ലാം ഇതിനകം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. സ്വര്‍ണ്ണക്കവര്‍ച്ച സ്ഥിരീകരിച്ച കേസുകളില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. അന്വേഷണ സംഘം എന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തത് കേസിനെ സംശയനിഴലിലാക്കുന്നുണ്ട്.